തൊടുപുഴ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് നടൻ ബാബുരാജിനെതിരേ യുവതി നൽകിയ പരാതി തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കേസുകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാഴ്ച മുന്‍പ് ബാബുരാജിനെതിരെ അടിമാലി പോലീസ് കേസെടുത്തിരുന്നു.
തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോളിന് കേസിന്റെ അന്വേഷണച്ചുമതല നൽകിയത്.നിലവിൽ കേരളത്തിന് പുറത്തുള്ള യുവതിയെ അന്വേഷണത്തിന്റെ ആദ്യപടിയായി ഈയാഴ്ചതന്നെ അടിമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും.
തുടർന്ന് വൈദ്യപരിശോധനയടക്കം നടത്തും. പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന അടിമാലിയിലെയും ആലുവയിലെയും സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് തെളിവെടുക്കുമെന്നും സാക്ഷികളുണ്ടെങ്കിൽ കണ്ടെത്തി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ബാബുരാജിന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതി. അഭിനയ മോഹമുള്ള യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 2018-19 കാലഘട്ടത്തിൽ അടിമാലി കന്പിലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ഓണ്‍ലൈനിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്. എന്നാൽ യുവതിയുടെ ആരോപണം നേരത്തെ ബാബുരാജ് നിഷേധിച്ചിരുന്നു.