നെടുങ്കണ്ടം: കോവിഡ് പോസിറ്റീവായ ഗർഭിണിയായ യുവതിക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സാസൗകര്യം ഒരുക്കി.
ഗുരുതരാവസ്ഥയിലെത്തിയ യുവതിക്ക് പരിശോധനയിൽ കോവിഡ് – 19 സ്ഥിരീകരിച്ചിരുന്നു. യുവതിയുടെ ആരോഗ്യനില ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിൽതന്നെ പ്രസവത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സൗദി അറേബ്യയിൽ നഴ്സായിരുന്ന വണ്ടിപ്പെരിയാർ സ്വദേശിനിക്ക് ഗുരുതരമായ അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചു.
ഗർഭിണിയായതിനാൽ ഇന്നലെ രാവിലെ ആന്റിജൻ ടെസ്റ്റ് നടത്തി. കോവിഡ് പോസിറ്റീവ് കണ്ടതിനാൽ രണ്ടാമത് ഒന്നുകൂടി ആന്റിജൻ പരിശോധന നടത്തി. രണ്ടാമത്തെ പരിശോധനയിലും ഫലം പോസീറ്റിവായി.
തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് യുവതിയെ മാറ്റാൻ ആലോചന നടത്തിയെങ്കിലും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി ആശുപത്രിയിൽനിന്നും മാറ്റാൻ കഴിയാത്ത നിലയെത്തി.
തുടർന്ന് താലൂക്കാശുപത്രിയിൽ യുവതിക്കായി കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് ശസ്ത്രക്രിയ നടത്താൻ പ്രത്യേക സൗകര്യം ഒരുക്കുകയായിരുന്നു.
താലൂക്കാശുപത്രി ഗൈനക്കോളജി വിഭാഗം തലവൻ ഡോ. റിനു അനസ്, നഴ്സുമാരായ സത്യപ്രിയ, നസിയ, അറ്റൻഡർമാർ എന്നിവരടങ്ങിയ സംഘമാണ് യുവതിക്ക് പ്രസവ ശുശ്രൂഷ നൽകിയത്.
മുൻകരുതലുകൾ എടുത്താണ് യുവതിയുടെ പ്രസവമെടുത്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.15 ന് യുവതി പെണ്കുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒന്നര മണിക്കൂർ നിരീക്ഷണത്തിൽ വച്ചശേഷം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
രണ്ടരമാസം മുന്പാണ് യുവതി സൗദിയിൽനിന്നും എത്തിയത്. ഒന്നിലധികം തവണ ആന്റിജൻ ടെസ്റ്റിനു വിധേയയാകാൻ ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തിരികെ അയയ്ക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ നടന്ന പരിശോധനയിലാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
യുവതിയെ പ്രവേശിപ്പിച്ച ആശുപത്രി മുൻകരുതലിന്റെ ഭാഗമായി ഇന്നലെ അണുവിമുക്തമാക്കി. അഞ്ചു മണിക്കൂർ അടച്ചിട്ടു. മെഡിക്കൽ കോളജിൽ എത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി നെടുങ്കണ്ടം താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.