കോഴിക്കോട്: സാമ്പത്തിക പരാധീനത മൂലം കുടംബം പോറ്റാന്‍ നിവൃത്തിയില്ലാത്തതിനെ തുടര്‍ന്ന് കൈകക്കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അമ്മയ്ക്കെതിരെ തല്ക്കാലം കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും കുടുംബത്തിന്റെ ദാരിദ്ര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാത്തത്. സാമ്പത്തിക ഇടപാട് നടന്നതിന് പ്രാഥമിക തെളിവില്ലാത്തതിനാല്‍ വാങ്ങിയവര്‍ക്കെതിരെയും ഇപ്പോള്‍ കേസെടുക്കില്ലെന്ന് കസബ സിഐ പി. പ്രമോദ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ അച്ഛനെ കോടതി റിമാന്‍ഡ് ചെയ്തു. മാറാട് സ്വദേശി കുറിയേടത്ത് വീട്ടില്‍ മിഥുന്(31) നെയാണ് റിമാന്‍ഡ് ചെയ്തത്. യുവതിയുടെ മറ്റു രണ്ടു കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപ്പെട്ടതിനെ തുടര്‍ന്ന് സെന്റ് വിന്‍സന്റ് ഹോമിലേക്ക് മാറ്റി. 35 കാരിയായ യുവതിയെ മിഥുന് പ്രണയിച്ച് വിവാഹം ചെയ്തതാണ്. യുവതിക്ക്് ആദ്യ ഭര്‍ത്താവില്‍ 11 വയസുള്ള ആണ്‍കുട്ടിയുണ്ട്. മിഥുനുമായുള്ള ബന്ധത്തില്‍ ഒരുവയസുള്ള ആണ്‍കുട്ടിയുമുണ്ട്. കഴിഞ്ഞ നവംബര്‍ 20ന് യുവതി വീണ്ടും ആണ്‍കുഞ്ഞിനെ പ്രസവിച്ചു.
കൂലിപ്പണിക്കാരനായ മിഥുന് കുറച്ചുകാലമായി ജോലിക്ക് പോകാറില്ല. അതിനാല്‍ യുവതിയും കുട്ടിയും കടുത്ത ദാരിദ്യത്തിലാണ് കഴിയുന്നത്. യുവതിയുടെ പേരിലുള്ള ഏഴ് സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി മിഥുന് ബാങ്ക് വായ്പ എടുത്തിരുന്നു. തിരിച്ചടക്കാത്തതിനാല്‍ ബാങ്കുകാര് അടുത്തിടെ വീട് ജപ്തി ചെയ്തു. ഇതേ വീട്ടിലാണ് യുവതി താമസിക്കുന്നത്. മക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു നിവൃത്തിയും ഇല്ലാത്തതിനാലാണ് കൈക്കുഞ്ഞിനെ അയല്‍വാസിയായ മുസ്ലിം കുടുംബത്തിന് നല്‍കിയതെന്നാണ് യുവതി ഇന്നലെ പോലീസിന് മൊഴി നല്‍കിയത്.