തൊടുപുഴ: ജെറ്റ് എയർവേസ് വിമാനത്തിനുള്ളിൽ കുഞ്ഞിനു ജന്മം നൽകിയ മലയാളി യുവതി തൊടുപുഴക്കാരി. അമ്മയും കുഞ്ഞും മുംബൈ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ സുഖമായിരിക്കുന്നു. വിവരമറിഞ്ഞു യുവതിയുടെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്. കുഞ്ഞിനു ജീവിതകാലം മുഴുവൻ ജെറ്റ് എയർവേസിൽ സൗജന്യയാത്ര പ്രഖ്യാപിച്ചാണ് വിമാനക്കന്പനി സന്തോഷം പങ്കുവച്ചത്. വിമാനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു വിമാനക്കന്പനികൾ ഇത്തരം സൗജന്യങ്ങൾ നൽകാറുണ്ട്.
ദമാമിൽനിന്നു കൊച്ചിയിലേക്കുള്ള ജെറ്റ് എയർവെയ്സ് വിമാനത്തിൽ കയറുന്പോൾ നഴ്സ് ആയ യുവതി ഒരിക്കലും കരുതിയിരുന്നില്ല വിമാനത്തിൽനിന്ന് ഇറങ്ങുന്നതു തന്റെ കുഞ്ഞിനെയും കൊണ്ടാകുമെന്ന്. ഒരു മാസത്തിനു ശേഷമുള്ള പ്രസവതീയതി കണക്കിലെടുത്തു ദമാമിൽനിന്നു നാട്ടിലേക്കു തിരിക്കുകയായിരുന്നു ഇവർ. വിദേശത്തു ജോലിയുള്ള ഭർത്താവ് കൂടെ ഉണ്ടായിരുന്നില്ല. ഇന്ത്യയോടടുത്തപ്പോൾ 35,000 അടി ഉയരത്തിൽ വച്ച് യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു.
ജെറ്റ് എയർവെയ്സിന്റെ 9ഡബ്ല്യൂ569 വിമാനത്തിലായിരുന്നു ഇവർ. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നു വിമാനം മുംബൈയിൽ ഇറക്കുകയാണെന്നു ജീവനക്കാർ ആദ്യം പ്രഖ്യാപിച്ചു. എന്നാൽ, അതുവരെ കാത്തിരിക്കാനാവില്ലെന്നു വ്യക്തമായതോടെ യാത്രക്കാരിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോയെന്ന് അന്വേഷിച്ചു. മലയാളിയും ദമാമിൽ നഴ്സുമായ വിൽസണ് സഹായിക്കാൻ മുന്നോട്ടുവന്നു. എന്നാൽ, വിൽസനു ലേബർ റൂമിൽ ജോലി ചെയ്തു പരിചയം കുറവായതിനാൽ നഴ്സായ യുവതിതന്നെ വേണ്ട നിർദേശങ്ങൾ നൽകി. വിമാന ജീവനക്കാരും മറ്റു സൗകര്യങ്ങൾ ഒരുക്കി.
വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യുവതിയെയും ആണ്കുഞ്ഞിനെയും കാത്തുനിന്ന ആംബുലൻസിൽ അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലെത്തിച്ചു. അപ്രതീക്ഷിത സാഹചര്യമായിരുന്നെന്നും ജെറ്റ് എയർവേസിൽ ആദ്യമായാണ് ഇത്തരത്തിലൊന്നു സംഭവിക്കുന്നതെന്നും വക്താവ് അറിയിച്ചു.
മുഹമ്മദ് താജ് ഹയാത്, ദെബൊറ ടവേരസ്, ഇഷ ജയകർ, സുഷ്മിത ഡേവിഡ്, കാതറിൻ ലെപ്ച, തേജസ് ചവാൻ എന്നീ എയർലൈൻ ജീവനക്കാരാണ് പ്രസവശുശ്രൂഷകൾക്കു വിൽസനെ സഹായിച്ചത്. രണ്ടര മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലെത്തിയത്.
35 ആഴ്ച വരെ ഗർഭിണികളായവർക്കാണു വിമാനത്തിൽ യാത്ര അനുവദിച്ചിട്ടുള്ളത്. ഇങ്ങനെയൊരു പ്രസവം അദ്ഭുതകരമായാണു തോന്നുന്നതെന്നു ഹോളി സ്പിരിറ്റ് ആശുപത്രി ഡയറക്ടറും മലയാളിയുമായ സിസ്റ്റർ സ്നേഹ ജോസഫ് പറയുന്നു. ചെറിയ അണുബാധയുള്ളതുകൊണ്ട് അഞ്ചു ദിവസത്തിനു ശേഷമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂവെന്നു കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ ദേവീദാസ് ചവാനും അറിയിച്ചു. ദമാമിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച രാവിലെയായിരുന്നു പ്രസവം.
വിമാനത്തിൽ പിറന്ന കുഞ്ഞിന് എന്തു പേരിടുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു പുഞ്ചിരിയായിരുന്നു അമ്മയുടെ മറുപടി. എല്ലാം കുഞ്ഞിന്റെ പിതാവ് കൂടി എത്തിയ ശേഷം തീരുമാനിക്കും. സ്വകാര്യതയെ മാനിച്ച് അമ്മയുടെ പേരും ചിത്രവും പുറത്തുവിട്ടിട്ടില്ല.