ചേർപ്പ്: രണ്ടുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ കടവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചേർപ്പ് ചെവ്വൂർ പാന്പാന്തോട് ഇറക്കത്തിൽ ഒരു ഫർണീച്ചർ കടയുടെ ചവിട്ടുപടിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നുപുലർച്ചെ ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് എഴുത്തിനിരുത്തൽ ചടങ്ങിന് വന്നവരാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചേർപ്പ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ തൃശൂർ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിന് കൈമാറി.
2.2 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ലെന്നും ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് അധികൃതർക്ക് കുഞ്ഞിനെ കൈമാറുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.