ഗുരുതര ജനിതക വൈകല്യവുമായി കര്‍ണാടകയില്‍ കുഞ്ഞ് പിറന്നു. നാലു കാലുകളും രണ്ട് പുരുഷ ലിംഗങ്ങളും ഈ കുഞ്ഞിനുണ്ട്. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ശനിയാഴ്ച അപൂര്‍വ്വ ശരീരഘടനയുമായി കുഞ്ഞ് പിറന്നത്. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26), ലളിതാമ്മ (23) ദമ്പതികുടെ കുട്ടിയാണിത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടിയെ വൈകിട്ടോടെ ബെല്ലാരിയിലെ വിജയനഗര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിറ്റൂട്ടില്‍ പ്രവേശിപ്പിച്ചു.
ഈ കുഞ്ഞിന് ദൈവിക ശക്തിയുണ്ടെന്ന പറഞ്ഞ് കുട്ടിയുടെ അമ്മ വിദഗ്ധ ചികിത്സ നിഷേധിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഇങ്ങനെ തുടര്‍ന്നാല്‍ കുട്ടിയുടെ നില വഷളാവുമെന്ന് ആശുപത്രി അധികൃതരും കുടുംബാംഗങ്ങളും ഇവരോട് പറഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ സയന്‍സസിലേക്ക് അയക്കാന്‍ തയ്യാറാവുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.23 ഓടെ സ്വാഭാവിക പ്രസവത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്. മെഡിക്കല്‍ സയന്‍സസില്‍ നിരീക്ഷണത്തിലായിരിക്കുന്ന കുട്ടിയെ ശസ്ത്രക്രിയയിലൂടെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം. ദമ്പതികളുടെ രണ്ടാമത്തെ മകനാണിത്. മൂത്ത കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇവര്‍ പറയുന്നു.