ധാക്ക: ഇരട്ട കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഒറ്റ പ്രസവത്തിൽ മൂന്നും നാലും കുട്ടികളുണ്ടാകുന്നതും സാധാരണ സംഭവമാണ്. എന്നാൽ ഇരട്ട ഗർഭപാത്രമുള്ള സ്ത്രീ ഒരേസമയം രണ്ടിലും ഗർഭം ധരിക്കുകയും രണ്ടു തവണയായി മൂന്നു കുഞ്ഞുങ്ങളേ പ്രസവിക്കുകയും ചെയ്തലോ..! വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായി മാറിയ സംഭവം ബംഗ്ലാദേശിൽ നടന്നു. ഇരട്ട ഗർഭപാത്രമുള്ള സ്ത്രീ ആൺകുഞ്ഞിന് പിന്നാലെ ഇരട്ടക്കുട്ടികൾക്കും ജന്മം നൽകി. ആൺകുഞ്ഞ് ജനിച്ച് 26 ദിവസം പിന്നിട്ടപ്പോഴാണ് ഇരട്ടകുഞ്ഞുങ്ങളും പിറന്നത്.
ശ്യാംലഗച്ചി സ്വദേശിയായ ആരിഫ സുൽത്താനയാണ് ആ അമ്മ. ഫെബ്രുവരി 25ന് മാസം തികയുന്നതിന് മുമ്പ് അരിഫ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇരട്ടകുഞ്ഞുങ്ങളെ മാർച്ച് 22ന് ജെസോറയിലെ അദ്ദിൻ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. രണ്ടാമത്തെ ഗർഭ പാത്രത്തിൽ നിന്നാണ് ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഷെയ്ല പൊഡാർ പറഞ്ഞു.
ആരിഫ ഖുൽന മെഡിക്കൽ കോളേജിലായിരുന്നു ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. രണ്ട് ഗര്‍ഭപാത്രമുള്ള സ്ത്രീകള്‍ക്ക് ഒന്നില്‍ മാത്രമേ സാധാരണയായി കുട്ടികളെ വഹിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ അരിഫ ഒരേ സമയം രണ്ട് ഗര്‍ഭപാത്രങ്ങളിലുമായി ജീവനുകളെ പേറിയതാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ചത്.