മരണത്തിന്‍റെ ചൂളം വിളിയുമായി പാഞ്ഞടുക്കുന്ന ട്രെയിൻ. പാളത്തിൽ വീണ് എഴുനേൽക്കാനാവാതെ നിലവിളിക്കുന്ന കുട്ടി .നിസഹായരായി നോക്കി നിൽക്കുന്ന യാത്രക്കാർ. എന്നാൽ ഒരു രക്ഷനെ പോലെ ആയാൾ പാളത്തിലേക്കു ചാടിയിറങ്ങി. ആസന്നമായ മരണത്തിൽ നിന്നു കുട്ടിയെ വാരിയെടുത്തു ജീവിതത്തിലേക്ക്… ബോളിവുഡ് സിനിമാരംഗങ്ങൾ അല്ല ഈ വിവരിച്ചത്. റഷ്യയിലെ യെകാറ്റെറിൻബർഗ് റെയിൽവേ സ്റ്റേഷനിലാണ് അത്യന്തം നാടകീയമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്.
ട്രെയിൻ സ്റ്റേഷനിലേക്കു പ്രവേശിച്ച ശേഷമാണ് എട്ടുവയസുകാരൻ കാൽ വഴുതി പാളത്തിലേക്കു വീണത്. വീഴ്ചയുടെ ആഘാതത്തിൽ കാൽ ഒടിഞ്ഞതിനാൽ കുട്ടിയ്ക്കു എഴുനേൽക്കാൻ കഴിഞ്ഞില്ല. ഒരു കൈ സഹായത്തിനായി കുട്ടി നിലവിളിച്ചെങ്കിലും ട്രെയിൻ അടുത്തെത്തിയതിനാൽ പാളത്തിലിറങ്ങാൻ ആരും തന്നെ ധൈര്യപ്പെട്ടതുമില്ല.
എന്നാൽ സംഭവം കണ്ടുകൊണ്ടിരുന്ന ഒരു യുവാവ് മാത്രം തന്‍റെ ജീവൻ പണയം വച്ചു പാളത്തിലേക്കു ചാടിയിറങ്ങി. കുട്ടിയെ വാരിയെടുത്ത് അയാൾ പ്ളാറ്റ് ഫോമിൽ കിടത്തി. തുടർന്നു യുവാവും സുരക്ഷിതനായി പ്ളാറ്റ് ഫോമിൽ കയറിയതും ട്രെയിന്‍ പാളത്തിലൂടെ കടന്നു പോയി. റെയിൽവേ സ്റ്റേഷനിലെ സിസി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അത്യന്തം സാഹസികമായി കുട്ടിയെ രക്ഷപെടുത്തിയ അജ്ഞാത യുവാവിനു സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
വീഡിയോ കാണാം…