ടെക്സസ്: അമേരിക്കയും മെക്സിക്കോയും തമ്മിൽ വേർതിരിച്ച് മതിൽകെട്ടുണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം നിറവേറ്റാൻ ഏഴു വയസുകാരൻ ഹോട്ട് ചോക്കലേറ്റ് വിറ്റു സ്വരുക്കൂട്ടിയത് 20,000 ഡോളർ (14 ലക്ഷം രൂപ). ഓസ്റ്റിനിൽനിന്നുള്ള ബെന്റൻ സ്റ്റീവൻ എന്ന ബാലനാണ് സതേണ്‍ ബോർഡറിൽ അതിർത്തി മതിൽ കെട്ടാൻ പണം ശേഖരിച്ചത്.
ഫെബ്രുവരി 5-ന് ട്രംപ് നടത്തിയ യൂണിയൻ അഡ്രസ് വീക്ഷിച്ച ബെന്റൻ സ്റ്റീവൻ അന്നു തീരുമാനിച്ചതാണ് മതിൽ പണിയുന്നതിന് തന്‍േറതായ ചെറിയൊരു തുക സംഭാവന നൽകണമെന്ന്. തന്റെ ആഗ്രഹം പിതാവിനെ അറിയിച്ചുവെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചത്.
സ്റ്റെയ്നർ റാഞ്ചിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ ഹോട്ട് ചോക്കലേറ്റ് വിൽക്കാൻ സഹായിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഒടുവിൽ ഒഴിവുസമയത്ത് ബെന്റൻ സ്റ്റീവൻ ചോക്കലേറ്റ് വിൽപ്പന നടത്തുകയായിരുന്നു. കുട്ടിയെ ഒരാൾ ലിറ്റിൽ ഹിറ്റ്ലർ എന്നു വിശേഷിപ്പിച്ചതും പണം നേടാൻ സഹായിച്ചു.
പിരിച്ചെടുത്ത തുക ഫെഡറൽ ഗവണ്മെന്റ് ഫണ്ടിലേക്ക് മതിൽ പണിയുന്ന ആവശ്യത്തിനായി കൊടുക്കാനാണു പദ്ധതിയെങ്കിലും ഇങ്ങനെ ലഭിക്കുന്ന തുക ഈ ആവശ്യത്തിന് ഉപയോഗിക്കാമോ എന്നു വ്യക്തമല്ല.