മഞ്ചേരി: പെറ്റമ്മമാർ ഉപേക്ഷിച്ചു പോകുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രണ്ട് കുഞ്ഞുങ്ങളെയാണ് ഉപേക്ഷിച്ച നിലയിൽ മഞ്ചേരിയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്‍പാകെ എത്തിച്ചത്. ഒരാഴ്ചയ്ക്കകം അഞ്ചു കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടത്.
ഇന്നലെ പൊന്നാനി സ്വദേശിയായ മാതാവ് ഏഴു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കുറ്റിപ്പുറം തവനൂരിലെ ശിശു ക്ഷേമ സമിതി ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച പെണ്‍കുഞ്ഞിനെ വളർത്താനാകില്ലെന്നു പറഞ്ഞു യുവതിയായ മാതാവ് ഓഫീസിൽ നേരിട്ടെത്തിയാണ് കൈമാറിയത്.
കാമുകനാൽ വഞ്ചിക്കപ്പെട്ട മറ്റൊരു യുവതി പ്രസവിച്ചു മൂന്നു മാസം കഴിഞ്ഞാണ് കുഞ്ഞിനെ മഞ്ചേരിയിലെത്തി സിഡബ്ല്യുസിക്ക് കൈമാറിയത്. രണ്ടു കുഞ്ഞുങ്ങളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി രണ്ടത്താണിയിലെ ശാന്തിഭവനിൽ ഏൽപ്പിച്ചു. നേരത്തെ ലഭിച്ച മൂന്നു കുഞ്ഞുങ്ങളെ മലപ്പുറം മൈലപ്പുറത്തുള്ള ശിശുഭവനിൽ ഏൽപ്പിച്ചിരുന്നു. മൂന്നും ആണ്‍കുഞ്ഞുങ്ങളായിരുന്നു.
തിങ്കളാഴ്ചയാണ് ഒരു കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പത്തു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.
രണ്ടാമത്തെ കുഞ്ഞിനെ ലഭിച്ചത് തിരൂരിൽ നിന്നായിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിലെ ഡോ. കുമാരിസുകുമാരന്റെ വീടിന്റെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞിനെ ലഭിച്ചത്. പോലീസ്് സഹായത്തോടെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടർന്നു കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തെ അമ്മത്തൊട്ടിലിൽ നിന്നാണ് മൂന്നാമത്തെ കുഞ്ഞിനെ ലഭിച്ചത്. നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്നലെയാണ് ് മൈലപ്പുറം ശിശുഭവനിലേക്ക് മാറ്റിയത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ തിരികെ വാങ്ങാൻ മാതാവിനു അറുപത് ദിവസം വരെ അനുമതിയുണ്ട്.
ഇതിനകം മാതാവ് ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം കുഞ്ഞിനെ ദത്ത് പൂളിലേക്ക് മാറ്റും. ഈ വർഷം 18 കുട്ടികളെ ശിശുക്ഷേമ സമിതി ദത്ത് പൂളിലേക്കു മാറ്റിയിട്ടുണ്ട്. ഇതിൽ 14 കുഞ്ഞുങ്ങളുടെ അഡോപ്ഷൻ നടപടികൾ പൂർത്തിയായി വരുന്നു. അവശേഷിക്കുന്ന കുഞ്ഞുങ്ങൾ അംഗപരിമിതരായതിനാൽ ദത്തെടുക്കാൻ എത്തുന്നവർ വിമുഖത കാണിക്കുകയാണ്.
അഞ്ചു വർഷത്തിനകം നൂറോളം കുഞ്ഞുങ്ങളെ ജില്ലയിൽ ദത്ത് നൽകിയതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം നജ്മൽബാബു പറഞ്ഞു. മാനഹാനി ഭയന്നു നവജാത ശിശുക്കളെ കൊലപ്പെടുത്തുന്നതും ചപ്പുചവറുകൾക്കിടയിലും മറ്റും ഉപേക്ഷിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതി ദത്ത്, ഫോസ്റ്റർ കെയർ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.