റോബിൻ ജോർജ്
കൊച്ചി: വിവിധ കാരണങ്ങളാൽ ഇതിനോടകം കുട്ടികളെ ഉപേക്ഷിച്ചവരും അതിന് മുതിരുന്നവരും അറിയാൻ, നിങ്ങൾ വേണ്ടെന്നുവയ്ക്കുന്ന ജീവന് തങ്ങളുടെ ജീവന്റെ ജീവനേക്കാൾ വില കൽപ്പിച്ച് ദത്തെടുക്കാൻ കാത്തിരിക്കുന്ന ദന്പതികൾ നിരവധിയാണ്.
ഒരു ദാക്ഷിണ്യവുമില്ലാതെ വിവിധ കാരണങ്ങളാൽ ചിലർ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്പോഴാണ് മറുഭാഗത്ത് കുട്ടികളെ ദത്തെടുക്കാൻ അപേക്ഷ നൽകി സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുന്നവർ ഏറുന്നതും.
നിലവിൽ സംസ്ഥാനത്ത് 1197 ദന്പതികളാണ് കുട്ടികളെ ദത്തെടുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്. 2015-18 കാലയളവിൽ ശിശുക്ഷേമ സമിതികളിൽ 419 കുഞ്ഞുങ്ങളെ കൈമാറി ലഭിച്ചപ്പോൾ 367 കുട്ടികളെ ദന്പതികൾ ഏറ്റെടുത്തതായി സർക്കാർ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന രേഖകൾ വ്യക്തമാകുന്നു.
പേരും വിലാസവും വെളിപ്പെടുത്താത്തതും, വിവാഹിതരല്ലാത്ത അമ്മമ്മാർ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് 419 കുഞ്ഞുങ്ങളെ അധികൃതർക്ക് ലഭിച്ചത്. ഇതിൽ വളർത്താനാകാത്ത സാഹചര്യംമൂലം മാത്രം ഉപേക്ഷിച്ചത് 187 കുഞ്ഞുങ്ങളെയാണ്. 95 ആണ്‍കുട്ടികളും 92 പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടും. ഈ കാലയളവിൽ ശിശുക്ഷേമ സമിതികളിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽനിന്നും 77 കുഞ്ഞുങ്ങളെ ലഭിച്ചതായും രേഖകളിൽനിന്നും വ്യക്തമാകുന്നു.
നിലവിൽ സംസ്ഥാനത്ത് 15 ചിൽഡ്രൻസ് ഹോമുകൾ ഉൾപ്പെടെ 27 ശിശു സംരക്ഷണ സ്ഥാപനങ്ങളാണ് സർക്കാർ നേരിട്ട് നടത്തിവരുന്നത്. സന്നദ്ധ സംഘടനകളുടെ 790 ശിശുഭവനുകൾ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. ഈ സ്ഥാപനങ്ങളിലായി 25,838 കുട്ടികളാണ് താമസിച്ചുവരുന്നത്.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം 2017ൽ പുറപ്പെടുവിച്ച അഡോപ്ഷന്റെ റഗുലേഷൻ പ്രകാരമാണ് സംസ്ഥാനത്ത് ദത്തെടുക്കൽ നടപടിക്രമങ്ങൾ നടത്തിവരുന്നത്. ദത്തെടുത്ത മാതാപിതാക്കളുടെയും കുട്ടികളുടെയും ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ തലത്തിൽ കുടുംബസംഗമവും ദത്തെടുത്ത കുട്ടികളുടെ അവസ്ഥയെ സംബന്ധിച്ചുള്ള പഠനവും അധികൃതർ നടത്തിവരുന്നുണ്ട്.