മൂന്നാർ: ജീപ്പ് യാത്രയ്ക്കിടെ റോഡിൽ തെറിച്ചു വീണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് പിച്ച വച്ചു കയറിയ ഒരു വയസുകാരി ദേശീയമാധ്യമങ്ങളിലും. സംഭവം വലിയ വാർത്തയായതോടെയാണ് ദേശീയ മാധ്യമങ്ങളും അമ്മുവിന്റെ കഥ വലിയ പ്രാധാന്യത്തോടെ നൽകിയത്.
ഒരു വയസുകാരി അമ്മുവിന്റെ ആരോഗ്യത്തിനായി ബന്ധുക്കളോടൊപ്പം നാട്ടുകാരും പ്രാർഥനയിലാണ്. അപകടത്തിന്റെ വക്കിൽ നിന്നു രക്ഷിക്കാനായതിന്റെ ചാരിതാർഥ്യത്തിലുള്ള വനപാലകർക്ക് ഇനിയും നടന്ന സംഭവത്തിന്റെ ഓർമ്മകൾ അകന്നിട്ടില്ല. കൃത്യസമയത്തെ ഇടപെടലിലൂടെ കുട്ടിക്ക് തുണയായ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടിയുടെ വിവരങ്ങൾ തിരക്കിക്കൊണ്ടേയിരിക്കുകയാണ്.
വീഴ്ചയിൽ തലയിലും മുഖത്തും പരിക്കേറ്റ അമ്മുവിന് ഞായറാഴ്ച രാത്രി തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ആന്തരിക മുറിവുകൾ വല്ലതുണ്ടോ എന്നറിയുവാൻ വിദഗ്ദ പരിശോധനയ്ക്ക് ഹാജരാക്കി. അടിമാലി സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ തന്നെ നടത്തിയ പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത് മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം നാട്ടുകാർക്കും ആശ്വാസമായി. അടിമാലി ആശുപത്രിയിലെ പരിശോധനകൾക്കു കുട്ടിയുടെ പിതാവ് സതീഷ് മൂന്നാറിലെത്തിയിരുന്നു.
മൂന്നാർ പോലീസ് സ്റ്റേഷനിലെത്തിയ പിതാവിനോട് കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. രാവിലെ മുതൽ യാത്രയും ക്ഷേത്രദർശനത്തിലുമായതിനാൽ ക്ഷീണമുണ്ടായിരുന്നുവെന്നും അതുകൊണ്ടു മടക്കയാത്രയിൽ എല്ലാവരും തന്നെ ഉറക്കത്തിലുമായിരുന്നുവെന്ന് സതീഷ് പോലീസിനോട് പറഞ്ഞു.
ഇതു കൂടാതെ അസുഖത്തിന് മരുന്നു കഴിക്കുന്നതിനാൽ തനിക്ക് അതിന്റെ കൂടി ക്ഷീണമുണ്ടായിരുന്നുവെന്നും പറഞ്ഞു. ജീപ്പ് നിറയെ ആൾക്കാരുണ്ടായിരുന്നു. ഇടയ്ക്ക് എവിടെയും ജിപ്പ് നിർത്താതിരുന്നതും കുട്ടി വണ്ടിയിൽ നിന്നും വീണ കാര്യം അറിയാതിരിക്കാൻ ഇടയാക്കി.
ഇതിനിടെ തങ്ങൾ മനഃപൂർവം കുട്ടിയെ ഉപേക്ഷിക്കുവാനുള്ള നീക്കം നടത്തുകയായിരുന്നുവെന്ന് ചിലർ കുറ്റപ്പെടുത്തിയത് മനോവിഷമം ഉണ്ടാക്കുവെന്നും ഇയാൾ പറഞ്ഞു. പഴനി ക്ഷേത്രത്തിൽ വച്ച് കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നു.
എല്ലാവരും പ്രാർത്ഥനകളും നേർച്ചകളും കഴിച്ചാണ് മടങ്ങിയതെന്നും കുഞ്ഞിനെ തിരികെ ലഭിക്കുന്നതിൽ പങ്കുകാരായ എല്ലാവരോടും നന്ദിയുണ്ടെന്നും അതിന് ദൈവം തുണയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ തേടി നിരവധി ഫോണ്കോളുകളാണെത്തുന്നത്. എല്ലാവർക്കും അറിയേണ്ടത് ഒരു കാര്യം മാത്രം. അമ്മു എങ്ങനെയിരിക്കുന്നു എന്നായിരുന്നു.
കന്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ എന്നിവരും ബന്ധുക്കളും രാവിലെ പഴനിയിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി പത്തോടെയാണ് കുട്ടി ജീപ്പിൽനിന്നു തെറിച്ചു റോഡിൽ വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിൻഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയിൽനിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവർ നല്ല ഉറക്കത്തിലായിരുന്നു.
കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാർ റോഡിലൂടെ ഇരുട്ടത്തു മുട്ടിൽ നീന്തി നടന്നു. രാജമല ചെക്ക് പോസ്റ്റിൽ ഈ സമയത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന വനപാലകർ സിസിടിവി ദൃശ്യത്തിൽ റോഡിലൂടെ എന്തോ ഇഴഞ്ഞു നടക്കുന്നതായി കണ്ടതാണ് കുട്ടിയുടെ രക്ഷപ്പെടലിന് ഇടയാക്കിയത്. ജീപ്പിൽനിന്നു വീണതു കുട്ടിയാണെന്നു മനസിലാക്കിയ ഉദ്യോഗസ്ഥർ ഉടൻതന്നെ റോഡിലേക്ക് ഒാടിയെത്തി കുട്ടിയെ രക്ഷിച്ചു.
വീഴ്ചയിൽ തലയ്ക്കു പരിക്കേറ്റ കുട്ടിക്കു വനംവകുപ്പ് ഓഫീസിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. വനപാലകർ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെ വിവരമറിയിച്ചു. വാർഡന്റെ നിർദേശപ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു മൂന്നാർ പോലീസിലും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിച്ചു.
ഇതിനിടെ, രാത്രി 12.30ഓടെ വീട്ടിലെത്തിയ മാതാപിതാക്കൾ വാഹനത്തിൽ നിന്നിറങ്ങുന്പോഴായിരുന്നു കുട്ടിയില്ലെന്ന് അറിയുന്നത്. ജീപ്പിലും പരിസരത്തും തെരച്ചിൽ നടത്തിയശേഷം വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വെള്ളത്തൂവൽ സ്റ്റേഷനിൽനിന്നു മൂന്നാറിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണു കുട്ടിയെ ലഭിച്ച വിവരമറിയുന്നത്.
മൂന്നാർ ആശുപത്രിയിൽ കുഞ്ഞ് സുരക്ഷിതയാണെന്നു ധരിപ്പിച്ചശേഷം മാതാപിതാക്കളോടു സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. കന്പിളികണ്ടത്തുനിന്നു യാത്ര പുറപ്പെട്ടു പുലർച്ചെ മൂന്നോടെ മൂന്നാറിലെത്തിയ മാതാപിതാക്കൾ ആനന്ദക്കണ്ണീരോടെ കുട്ടിയെ ഏറ്റുവാങ്ങി.