ന്യൂയോർക്ക്: കോവിഡ്-19 രോഗത്തിനു കാരണമായ നോവൽ കൊറോണ വൈറസിനെതിരേയുള്ള ആന്റിബോഡി ജന്മനാ ശരീരത്തിലുള്ള നവജാത ശിശുവിന് യുവതി ജന്മം നൽകിയതായി ശിശുരോഗവിദഗ്ധർ അറിയിച്ചു.
ഗർഭകാലത്ത് കോവിഡ്-19 വാക്സിനെടുത്ത മാതാവിനു ജനിച്ച കുട്ടിയിലാണ് കൊറോണ വൈറസ് ആന്റിബോഡി കണ്ടെത്തിയത്. ഗർഭിണിയായിരിക്കെ 36-ാം ആഴ്ച എംആർഎൻഎ വാക്സിൻ യുവതി സ്വീകരിച്ചിരുന്നു.
മൂന്ന് ആഴ്ചയ്ക്കുശേഷം ജന്മം നൽകിയ പെൺകുട്ടിയിൽ സാർസ് കോവ്-2 വൈറസിനുള്ള ആന്റിബോഡി കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.
കൊറോണ ആന്റിബോഡിയുമായി ലോകത്ത് പിറന്ന ശിശുക്കളിൽ, കണ്ടെത്തിയ ആദ്യത്തെ കുട്ടിയാണിതെന്നു ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെ പോൾ ഗിൽബർട്ടും ചാഡ് റൂഡ്നിക്കും പഠനത്തിൽ പറയുന്നു.
കുട്ടിയെ മുലയൂട്ടിയിരുന്ന സമയത്താണ് അമ്മ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചത്.
ഗർഭകാലത്ത് അമ്മയിൽനിന്ന് കുഞ്ഞിലേക്കു കോവിഡ് ആന്റിബോഡി എത്താൻ സാധ്യത കുറവാണെന്നാണു ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്.
അമ്മയിൽനിന്നു കുഞ്ഞിലേക്ക് ആന്റിബോഡി എത്തുന്നതു സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നു ഗവേഷകർ പറഞ്ഞു.