വിമാനയാത്രയ്ക്കിടെ പിറന്ന കുട്ടിയും കുടുംബവും ഉടന് ഫ്രാങ്ക്ഫര്ട്ടില് നിന്ന് കേരളത്തിലേക്ക് തിരിക്കും.
ജര്മനിയിലെ ഇന്ത്യന് കോണ്സുലേറ്റാണ് കുട്ടിക്ക് അടിയന്തര സർട്ടിഫിക്കറ്റ് അനുവദിച്ചത്.
ഒക്ടോബര് അഞ്ചിനാണ് ലണ്ടന്-കൊച്ചി എയര് ഇന്ത്യ വിമാനത്തില് മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്.
വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്പ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
തുടര്ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്മാരുടെയും നാല് നഴ്സുമാരുടെയും കാബിന് ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു.
പിന്നീട് ജര്മനിയിലെ ഫ്രാങ്ക്ഫര്ട്ട് വിമാനത്താവളത്തില് വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഷോണ് ചെറിയാൻ മാത്യു എന്നാണ് കുഞ്ഞിന് പേര് നല്കിയിരിക്കുന്നത്. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്സുലേറ്റ് ട്വീറ്റ് ചെയ്തു.
തുടര്യാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതില് സന്തോഷമുണ്ട്. മാതാപിതാക്കള്ക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോണ്സുലേറ്റ് ട്വീറ്റിൽ കുറിച്ചു.
പാസ്പോർട്ട് പോലെയുള്ള രേഖയിൽ പേനകൊണ്ട് എഴുതിയ സർട്ടിഫിക്കറ്റാണ് നൽകിയത്. പലരും പേന കൊണ്ട് എഴുതിയ പാസ്പോർട്ട് കണ്ട് സംശയം കമന്റായി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ അത് പാസ്പോർട്ടല്ലെന്നും അടിയന്തിര സർട്ടിഫിക്കാറ്റാണെന്നും കോണ്സുലേറ്റ് വ്യക്തമാക്കി.