നവജാത ശിശുവിനെ മാതാപിതാക്കൾ കാറിനുള്ളിൽ മറന്നു വച്ചു. ജർമനിയിലെ ഹംബർഗിലാണ് സംഭവം. പ്രസവ ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഇവർ ദിവസങ്ങൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ കാറിനുള്ളിൽ മറന്ന് വച്ചത്.
മാതാപിതാക്കൾക്കൊപ്പം ഇവരുടെ ആദ്യത്തെ കുട്ടിയും കാറിനുള്ളിൽ ഉണ്ടായിരുന്നു. ഈ കുട്ടിയെയും എടുത്ത് കാറിനുള്ളിൽ നിന്നും ഇറങ്ങിയ ഇവർ തങ്ങളുടെ കൈക്കുഞ്ഞിനെ എടുക്കുവാൻ മറന്നു പോയിരുന്നു. ടാക്സിയുടെ വാടക കൊടുത്തിനു ശേഷം വീടിനുള്ളിൽ കയറിയപ്പോഴാണ് കുട്ടി കൂടെയില്ലന്ന് ഇവർക്ക് മനസിലായത്.
എന്ത് ചെയ്യണമെന്ന് അറിയാതെ മാതാപിതാക്കൾ കുറച്ചു നേരം പകച്ചു നിന്നു. എന്നാൽ ബോധം വീണ്ടെടുത്ത പിതാവ് ഉടൻ തന്നെ കാർ പോയതിനു പിന്നാലെ ഓടി. എന്നാൽ കാറ് കണ്ടെത്താൻ സാധിച്ചില്ല.
അദ്ദേഹം ഉടൻ തന്നെ പോലീസുമായി ബന്ധപ്പെട്ടു. എന്നാൽ ഈ സമയമത്രെയും കുഞ്ഞ് കാറിന്റെ പിറകിലുണ്ടെന്ന് അറിയാതെ ഡ്രൈവർ കാർ ഓടിച്ചു കൊണ്ടിരുന്നു. കൂടാതെ ഒരു സ്ഥലത്ത് കാർ കൊണ്ടിട്ടതിനു ശേഷം ഭക്ഷണം കഴിക്കുവാൻ പോകുകയും ചെയ്തു.
ഈ സമയം കുട്ടിക്കു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ് സംഘം. ഭക്ഷണം കഴിച്ചെത്തിയ ഡ്രൈവർ മറ്റൊരാൾക്കു വേണ്ടി എയർപോർട്ടിൽ പോയി. അപ്പോഴും കുട്ടി കാറിനുള്ളിലുണ്ടെന്ന് അദ്ദേഹം അറിഞ്ഞില്ല. പിന്നീട് എയർപോർട്ടിലെത്തിയപ്പോൾ കാറിനുള്ളിൽ കയറിയ യാത്രികനാണ് സീറ്റിൽ കുട്ടിയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചത്.
അദ്ദേഹം സംഭവം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. കൂടാതെ കുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പോലീസുദ്യോഗസ്ഥർ അറിയിച്ചതിനുസരിച്ച് ഇവിടെ എത്തിയപ്പോഴാണ് മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിയെ തിരികെ ലഭിച്ചത്.