സ്വന്തം ലേഖകൻ
ആലപ്പുഴ: മഴ മഴ.. കുട കുട.. മഴ വന്നാൽ പോപ്പിക്കുട… -മലയാളി ഏറെക്കാലം പാടിനടന്ന പരസ്യ ജംഗിളുകളിലൊന്നാണിത്. ആലപ്പുഴയിലെ പ്രശസ്തമായ പോപ്പിക്കുടയുടെ പരസ്യം.
ഭാവനാപൂർണമായ ഈ പരസ്യമൊരുക്കിയത് പരേതനായ മാത്യു പോളാണെങ്കിലും അതിനുവേണ്ട കുടയൊരുക്കിയത്, കുടയുടെ പേര് പോപ്പിയെന്ന് ഓരോരുത്തരെയും കൊണ്ടു പറയിച്ച ബേബി തയ്യിൽ എന്ന ടി.വി. സ്കറിയയായിരുന്നു.
കുടയുടെ ലോകത്ത് പിറന്നുവീണ്, കുടയെ സ്നേഹിച്ച്, സ്നേഹിക്കാൻ പഠിപ്പിച്ച് വളർന്ന മനുഷ്യനാണ് വിടവാങ്ങിയത്, ഇനി ഒരു ജൂണ്‍ മഴയ്ക്കായി കാത്തുനിൽക്കാതെ.
ഊണിലും ഉറക്കത്തിലും കുടയെന്ന സ്വപ്നവുമായി നടന്നിരുന്ന ടി.വി. സ്കറിയയുടെ കുടപ്രയാണം തുടങ്ങുന്നതു സ്വാതന്ത്ര്യത്തിനും ഏഴു വർഷത്തിനിപ്പുറമാണ്.
കാസിം കരിംസേട്ടിന്റെ കുടനിർമാണ കന്പനിയിൽ ജോലിക്കാരനായിരുന്ന കുട വാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസ് 1954 ഓഗസ്റ്റ് 17നു തുടങ്ങിയ സെന്റ് ജോർജ് എന്ന കുടക്കന്പനിയാണ് പോപ്പിക്കുടയുടെ പൂർവികൻ.
അപ്പനൊപ്പമിരുന്നു കുട തുന്നാൻ തുടങ്ങിയതായിരുന്നു രണ്ടാമത്തെ മകൻ ബേബിച്ചനും. ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ ഒന്‍പതു ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോർജ് കുട ആദ്യവർഷം തന്നെ 500 ഡസൻ വിറ്റുപോയിരുന്നു.
41 വർഷത്തിനുശേഷം മറ്റൊരു ഓഗസ്റ്റ് 17നു സെന്റ് ജോർജ് ഇല്ലാതായി അതേ പാരന്പര്യത്തിൽ മറ്റുരണ്ടു ബ്രാൻഡുകൾ പുറത്തുവന്നു-പോപ്പിയും ജോണ്‍സും.
പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് കുടനിർമിച്ചിരുന്ന കുട മുതലാളി.
പതിനാലാമത്തെ വയസിൽ പിതാവിന്റെ കൈവിരൽ പിടിച്ച് വ്യവസായ ലോകത്തേക്ക് പ്രവേശിച്ച കൊച്ചുബേബി അധ്വാനത്തിലൂടെയും അനുഭവത്തിലൂടെയും കടന്നെത്തിയത് കുടയുടെ കുലപതി സ്ഥാനത്തേക്കായിരുന്നു.
കുടയ്ക്ക് പര്യായം പോപ്പി എന്ന നിലയിൽ ആ ബ്രാൻഡ് നെയിം കുട്ടികൾക്കിടയിലും കുടുംബങ്ങളിലും അദ്ദേഹം ആഴത്തിൽ പതിപ്പിച്ചു.
ന്യായമായ വിലയ്ക്ക് ഏറ്റവും മികച്ച ആധുനികപരിവേഷമുള്ള കുടകൾ പോപ്പി വിപണിയിൽ കൊണ്ടുവന്നു.
സ്കൂൾ തുറക്കുന്പോൾ അലച്ചുപെയ്യുന്ന മഴ കുട്ടികൾക്ക് ശല്യമായിരുന്നിടത്തുനിന്നു മഴ കുട്ടികൾക്ക് ഉല്ലാസവും ഉത്സവവും ആകുന്ന വിധത്തിലേക്ക് മാറ്റിയെടുക്കാൻ ബേബിച്ചായന്റെ പോപ്പിക്കുടയ്ക്ക് കഴിഞ്ഞു.
ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും നവീനചിന്തകളും കരുതലുമാണ് പോപ്പിയെ വളർത്തുന്നതിൽ സ്കറിയയേയും മകൻ ഡേവിസിനെയും തുണച്ചത്.
ഓരോ പ്രായക്കാർക്കും വേണ്ടി അവരുടേതായ അഭിരുചിയിൽ 150-ൽപരം കുടകൾ പോപ്പി ഇറക്കി.
വിഭജിക്കപ്പെട്ട സെന്റ് ജോർജിനെ കുറിച്ചുള്ള വേദനകളുണ്ടെങ്കിലും അത് ഒരു നിമിത്തമായെന്നു കരുതുന്നയാളാണ് ബേബിച്ചായൻ.
ജീവനക്കാരെ സഹോദരങ്ങളെ പോലെ സ്നേഹിച്ച വ്യക്തിത്വവുമായിരുന്നു അദ്ദേഹം. ഇടനിലക്കാരില്ലാതെ 4700 ഏജൻസികളാണ് പോപ്പിയിൽനിന്നു നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുന്നത്.
അതുവഴി ജനങ്ങൾക്കും മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള കുടകൾ എത്തിക്കാൻ അദ്ദേഹത്തിനായി.
കൊറോണ കാരണം അടച്ചിട്ട സ്കൂളിലെത്താൻ ഈ വര്‍ഷം കുട്ടികളുണ്ടാകുമോയെന്നറിയില്ല. മഴയിൽ നിരക്കുന്ന വർണക്കുടകൾ കാണാൻ ബേബിച്ചായനും ഇല്ല.