റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനിടെ കുഞ്ഞുഹൃദയങ്ങൾക്കു പ്രത്യേക കരുതൽ വേണമെന്നു ഡോക്ടർമാർ.
കോവിഡ് അണുബാധ വന്നിട്ടുള്ളവരിലോ അല്ലെങ്കിൽ അണുബാധ തരിച്ചറിയാത്ത കുട്ടികളിലോ കണ്ടുവരുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം(എംഐഎസ്-സി) തക്കസമയത്തു ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നിറിയിപ്പ്.
ആറുമാസം മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് ബാധിച്ച്(ലക്ഷണങ്ങളില്ലാതെയും ആകാം) നലാഴ്ച മുതൽ എട്ടാഴ്ച വരെയുള്ള കാലഘട്ടത്തിലാണ് ഈ രോഗം കാണപ്പെടുന്നത്.
ഹൃദയം, ശ്വാസകോശം, വൃക്കകൾ, തലച്ചോറ് തുടങ്ങിയ ശരീര ഭാഗങ്ങളെയാണ് പ്രധാനമായും ഈ രോഗം ബാധിക്കുന്നത്. ആരംഭത്തിൽ തന്നെ ഹൃദയത്തിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കും.
ഈ അസുഖം രണ്ടു തരത്തിലാണ് ഹൃദയത്തെ ബാധിക്കുക. മയോ കാർഡൈറ്റിസ് ആണ് ഇതിലൊന്ന്. 20 മുതൽ 30 ശതമാനം വരെ കുട്ടികളിലാണ് ഇതു കണ്ട ുവരുന്നത്.
ബിപി കുറയുക, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് നേരിടുക, അമിതമായ കിതപ്പ് എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്.
20 ശതമാനം കേസുകളിലും രക്തക്കുഴലുകൾക്കു വീക്കം ഉണ്ടാകാം. എക്കോ ടെസ്റ്റ്, രക്ത പരിശോധന എന്നിവയിലൂടെ രക്തധമനികളെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നും ഹൃദയത്തിന്റെ പ്രവർത്തനം എങ്ങനെയെന്നും മനസിലാക്കാൻ സാധിക്കും.
രക്തക്കുഴലുകളുടെ പ്രവർത്തനങ്ങളും ഹൃദയത്തിന്റെ പന്പിംഗ് നിലയും പരിശോധിക്കും. എല്ലാ അവയവങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ചികിത്സ നൽകേണ്ടതുണ്ട്.
ആറുമാസം വരെ നിശ്ചിത ഇടവേളകളിൽ രോഗിയെ നിരീക്ഷിക്കും. മിക്കവാറും കേസുകളിൽ ചികിത്സ ആരംഭിച്ച് മൂന്നു നാലു ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചു തുടങ്ങും.
അസുഖം രക്തക്കുഴലുകളെ ബാധിക്കാതിരിക്കുന്നതിനായി അസ്പിരിൻ ടാബ്ലെറ്റ് രോഗിക്കു നൽകാറുണ്ട്.
ഏഷ്യയിൽ ആദ്യത്തെ എംഐഎസ്-സി കേസ് കേരളത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു റിപ്പോർട്ട് ചെയ്തത്.
വിദഗ്ദ ചികിത്സയെ തുടർന്ന് ഈ കുട്ടി രോഗമുക്തി നേടി. ഡോ.കെ.കെ. അബ്ദുൾ റൗഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു ചികിത്സ നൽകിയത്.
കോവിഡ് 19 വൈറസ് വ്യാപനം വർധിച്ചു വരുന്നതിനാൽ ഈ രോഗത്തിന്റെ വ്യാപനവും പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദർ നൽകുന്ന സൂചന.
എന്നാൽ യഥാസമയം രോഗനിർണയം നടത്തി ചികിത്സിച്ചാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാനാകും.
ലക്ഷണം
ശക്തമായ പനി, കണ്ണിലും വായിലുമുള്ള ചുവപ്പ്, ശരീരത്തിലെ പാടുകൾ, നെഞ്ചു വേദന, രക്തസമ്മർദം കുറയൽ, ശ്വാസതടസം, വയറു വേദന, വയറിളക്കം.
പരിശോധന
ചെസ്റ്റ് എക്സ് റേ, രക്ത പരിശോധന, ഹാർട്ട് അൾട്രാ സൗണ്ട ്(എക്കോകാർഡിയോഗ്രാം), അബ്ഡോമിനൽ അൾട്രാ സൗണ്ട്.
……………………………………………………………………………………………………………………………………………………………………………………..
ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാൻ സാധ്യത
കുട്ടികളിൽ കണ്ടുവരുന്ന എംഐഎസ്-സി ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതു മുതൽ ഇതു ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. ഹൃദയത്തിലേക്കു രക്തം എത്തിക്കുന്ന രക്തധമനികൾക്ക് നീർവീക്കം ബാധിക്കുന്ന തരത്തിലുള്ള ഒരു രോഗമാണിത്.
ഭൂരിപക്ഷം കുട്ടികളിലും രോഗം പൂർണമായി മാറുമെങ്കിലും ചെറിയൊരു പക്ഷം കുട്ടികളിൽ ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകും.
ഡോ. സുമ ബാലൻ, കണ്സൾട്ടന്റ് പീഡിയാട്രീഷ്യൻ,
അമൃത ആശുപത്രി, കൊച്ചി
……………………………………………………………………………………………………………………………………………………………………………………..
കൂടുതൽ കേസുകൾ അഞ്ചിനും 15നും ഇടയിൽ
കോവിഡ് വൈറസിനോടുള്ള ശരീരത്തിന്റെ അമിതമായ രോഗ പ്രതിരോധ പ്രതികരണമായാണ് ഇതു കാണപ്പെടുന്നത്. ഹൃദയത്തിനൊപ്പം ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കാം.
ഇപ്പോൾ അസുഖത്തെ നേരത്തെ തന്നെ തിരിച്ചറിയുന്നതിനും ചികിത്സ നൽകുന്നതിനും സുഖപ്പെടുത്തുന്നതിനും സാധിക്കുന്നുണ്ട്.
അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അധികം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ 20 ശതമാനത്തോളം കേസുകളിൽ ആറുമാസം വരെ പ്രായമുള്ള കുട്ടികളിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.
ഡോ. കെ.കെ. അബ്ദുൾ റൗഫ്, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ്, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്