നവജാതശിശുവിന്റെ നിരന്തരമായ കരച്ചിലിൽ അസ്വസ്ഥയായ അമ്മ കുഞ്ഞിനെ ഭൂഗർഭ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു. ഗുജറാത്തിലെ മേഘാനിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണു ദാരുണസംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കരിഷ്മ ബാഗേലി(22)നെ പോലീസ് അറസ്റ്റ് ചെയ്തു.
തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണു കരിഷ്മ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കുഞ്ഞിനെ കാണാതായതായി കരിഷ്മ ഭർത്താവിനോടു പറഞ്ഞു. പോലീസ് നടത്തിയ തെരച്ചിലിൽ അംബികാനഗർ പ്രദേശത്തുള്ള വീട്ടിലെ വാട്ടർ ടാങ്കിൽനിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് കരിഷ്മയാണെന്ന് തെളിയുകയായിരുന്നു. ഗർഭിണിയായതു മുതൽ കരിഷ്മ വൈകാരികമായും ശാരീരികമായും അസ്വസ്ഥയായിരുന്നുവെന്നും പ്രസവശേഷം അസ്വസ്ഥത കൂടിയെന്നും പോലീസ് പറഞ്ഞു.