അടൂർ: പറക്കോട് ടിബി ജംഗ്ഷനു വടക്ക് കെഎസ്ഇബി 66 കെവി സബ്സ്റ്റേഷനു സമീപത്തെ വീടിന്റെ പിറകിൽ ചുവരിനോടു ചേർന്ന് കാണപ്പെട്ട മൃതദേഹം ആണ്കുഞ്ഞിന്റേതാണെന്ന് തെളിഞ്ഞു. ഗർഭസ്ഥ അവസ്ഥയിൽ ഏഴുമാസമേ കുഞ്ഞിന് വളർച്ചയുണ്ടായിട്ടുള്ളൂവെന്നും അടൂർ ജനറൽ ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി.
മാസം തികയാതെ പ്രസവിച്ചതാണെന്നാണ് കരുതുന്നത്. മരണകാരണം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹത്തിൽ കണ്ട പരിക്കുകൾ മരിച്ചതിനു ശേഷം ഉണ്ടായതാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം നാലിന് വിറകു ശേഖരിക്കാൻ പോയ സ്ത്രീ കാക്കകൾ കൂട്ടമായി കരയുന്നതു കേട്ട് അവിടേക്കു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
രണ്ടു ദിവസം പഴക്കമുള്ളതായിരുന്നു മൃതദേഹം. ജില്ലാ പോലീസ് മേധാവി അശോക് കുമാറിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസ് സംഘവും അടൂർ ഡിവൈഎസ്പി എസ്. റഫീഖിന്റെ നേതൃത്വത്തിൽ പോലീസും കേസ് അന്വേഷിക്കുന്നു.