പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനുസമീപം താണാവ് മേൽപ്പാലത്തിനു താഴെ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടേതെന്ന് പോലീസ്.
കൊലപാതകം നടത്തി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതായാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് പാലക്കാട് നോർത്ത് എസ്ഐ സി. അലവി രാഷ്ട്രദീപികയോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ സമഗ്രപരിശോധനയിലേ വ്യക്തമാകൂ.
ഇന്നലെ വൈകുന്നേരമാണ് മൃതദേഹം ബാഗിലാക്കി ചാക്കിൽകെട്ടിയ നിലയിൽ കണ്ടത്. ആക്രിസാധനങ്ങൾ പെറുക്കുന്നവരാണ് ചാക്കിൽ നിന്ന് ദുർഗന്ധം വരുന്നത് പോലീസിലറിയിച്ചത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണിത്. ഒരു കൈ ബാഗിൽ നിന്നും പുറത്തേക്ക് വന്നിരുന്നു. ഇന്നലെ സമയം വൈകിയതിനാൽ മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി.
ഇന്നു രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. ഡിവൈഎസ്പി ജി.ഡി വിജയകുമാർ, നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.