പോത്തന്‍കോട്: വേങ്ങോട് മുട്ടുക്കോണം തേരിക്കടയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. പുന്നശേരിക്കോണത്ത് രാധികാ ഭവനില്‍ നീതുവിന്റെ മകന് മൂന്നുമാസം പ്രായമായ അനുദേവ് ആണ് മരിച്ചത്. കുഞ്ഞിനെ മരിച്ച നിലയില്‍ ആയിരുന്നു ഞായറാഴ്ച രാവിലെ ആറുമണിയോടെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചത്.
രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞ് മരിച്ച വിവരം ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. തുടര്‍നടപടികള്‍ക്കായി കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകണമെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും കുഞ്ഞിന്റെ മൃതദേഹവുമായി അവര്‍ ആംബുലന്‍സില്‍ കയറി പോയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ മൃതദേഹം മറവുചെയ്യാനുള്ള വീട്ടുകാരുടെ ശ്രമം ബന്ധുക്കളിലും നാട്ടുകാരിലും സംശയമുളവാക്കി. അതിനിടെ കുഞ്ഞിന് അനക്കമുണ്ടെന്ന സംശയത്തില്‍ പതിനാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാര്‍ മംഗലപുരം പോലീസില്‍ വിവരമറിച്ചു. രണ്ടാമത് കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോള്‍ നീതുവും കാമുകനും ഒപ്പം പോയില്ല. നെടുമങ്ങാട് ആശുപത്രിയിലെ ചികിത്സാ കാര്‍ഡുകള്‍ എടുക്കാനെന്നു പറഞ്ഞ് ഇരുവരും മുങ്ങുകയായിരുന്നു.
ഇരുവരുടെയും മൊബൈല്‍ഫോണുകളും സ്വിച്ച് ഓഫ് ആണ് .അഞ്ചു വര്‍ഷം മുമ്പ് വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം ശാന്തിഗിരി പൂലന്തറയില് ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞു വന്ന ഇവര്‍ക്ക് നാലുവയസുള്ള മകനുണ്ട്. ഒന്നര വര്‍ഷം മുമ്പ് നീതു സമീപവാസിയായ അമലിനോടൊപ്പം ഒളിച്ചോടി.
ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇവര്‍ വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട് എന്നീ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിനെ സുഖമില്ലാതെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ് നീതു കാമുകനോടൊപ്പം ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുഞ്ഞുമായി വേങ്ങോട്ടെ മാതാവിന്റെ വീട്ടിലെത്തുകയായിരുന്നു.
നീതു കുഞ്ഞിന് മുലപ്പാല്‍ പോലും കൊടുക്കാറില്ലെന്ന് കാമുകന് പറഞ്ഞതായും ചില ബന്ധുക്കള്‍ ആരോപിച്ചു. മംഗലപുരം പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം അഞ്ചുമണിയോടെ വീട്ടുവളപ്പില്‍ മറവുചെയ്തു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു . പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.