മലപ്പുറം: മലപ്പുറത്തിനടുത്തു കൂട്ടിലങ്ങാടി പെരിന്താറ്റിരി ചെലൂരിൽ നവജാതശിശുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അമ്മാവനെ ഇന്നു മലപ്പുറം കോടതിയിൽ ഹാജരാക്കും. ചെലൂർ വിളഞ്ഞിപുലാൻ ശിഹാബി (26) നെയാണ് മലപ്പുറം പോലീസ് അറസ്റ്റു ചെയ്തത്.
നവജാത ശിശുവിന്റെ മാതാവ് നബീല (29), നബീലയുടെ മാതാവ് സഫിയ എന്നിവർ പോലീസ് നിരീക്ഷണത്തിലാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അവിഹിതഗർഭമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്. രണ്ടുമക്കളുള്ള നബീല രണ്ടു വർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ശരീരത്തിൽ ബെൽറ്റിട്ടും അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചും അവിഹിതഗർഭം പുറത്തറിയാതിരിക്കാനായി മറച്ചുവയ്ക്കുകയായിരുന്നു നബീല.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ നബീല ആണ്കുഞ്ഞിനെ പ്രസവിച്ചു. ഇതോടെ മാനഹാനി ഭയന്നു കുഞ്ഞിനെ സഹോദരൻ ശിഹാബ് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. പ്രസവശേഷം കുഞ്ഞിന്റെ കരച്ചിൽ കേട്ടു സമീപവാസികൾ അന്വേഷിച്ചെത്തിയെങ്കിലും വീട്ടിലേക്കു ആരെയും പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
തുടർന്നു നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ തലയണ കവറിലാക്കി കുട്ടിയെ കഴുത്തറുത്ത നിലയിൽ കാണപ്പെട്ടത്. ഗർഭകാലത്ത് കുട്ടി വീടിനു അപമാനമാകുമെന്നു പറഞ്ഞു നബീലയുടെ സഹോദരൻ ശിഹാബ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നുവത്രെ.
ഇതാണ് കൊലപാതകത്തിലെത്തിയതെന്നാണ് കരുതുന്നത്. നവജാത ശിശുവിന്റെ കഴുത്തു പൂർണമായി അറുത്ത് വേർപെട്ട നിലയിലായിരുന്നു. അവശനിലയിലായ നബീല മലപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വൈകുന്നേരത്തോടെ കബറടക്കി.
വിവരമറിഞ്ഞു മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, സിഐ എ. പ്രേംജിത്ത്, എസ്ഐ ടി. അബ്ദുൾ റഷീദ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.