ഭോപ്പാൽ: പ്രസവവാർഡിൽ ഗർഭിണിയായ യുവതിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചു. തലയടിച്ച് തറയിൽവീണ കുട്ടിമരിച്ചു. മധ്യപ്രദേശിലെ ബൈതുൽ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. ഗ്വാളിയാറിൽ ആരോഗ്യവകുപ്പിൽ നഴ്സായി ജോലി ചെയ്യുന്ന നീലു എന്ന യുവതിക്കാണ് ദാരുണ അവസ്ഥയുണ്ടായത്.
വിൽ ചെയർ ലഭ്യമല്ലാത്തതിനെത്തുടർന്ന് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഡ്യൂട്ടി നഴ്സ് പ്രസവ വാർഡിലേക്ക് നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പ്രസവം നടക്കുകയും കുട്ടിയുടെ തല തറയിലിടിക്കുകയുമായിരുന്നു. തങ്ങളുടെ ആദ്യത്തെ കുട്ടിയായിരുന്നു ഇതെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. വീൽചെയർ അനുവദിച്ചിരുന്നെങ്കിൽ കുട്ടിയെ നഷ്ടപ്പെടുകയില്ലായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
എന്നാൽ ഒരേസമയം രണ്ട് ആംബുലൻസുകൾ ആശുപത്രിയിലെത്തിയെന്നും അതിനാലാണ് വീൽചെയർ ലഭ്യമാകാതിരുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.