ഗാന്ധിനഗർ: വയറ്റിൽ മരിച്ച കുഞ്ഞുമായി ചികിത്സ തേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലിസിയാമ്മ ജോർജ്.
പത്തനംതിട്ട കണ്ണങ്കരയിൽ താമസിക്കുന്ന അസം സ്വദേശിനി സമ (25)യാണ് വയറ്റിൽ മരിച്ചു കിടക്കുന്ന കുട്ടിയുമായി ചികിത്സ തേടിയെത്തിയത്. വയറ്റിൽ കുട്ടി മരിച്ചു കിടന്നാൽ കഴിയാവുന്നതും സ്വാഭാവിക പ്രസവത്തിന് അവസരം നൽകുകയാണ് ചികിത്സാരീതി. എന്നാൽ ഇതുമൂലം ഗർഭിണിയുടെ ആരോഗ്യനില മോശമായെങ്കിൽ മാത്രമേ ശസ്ത്രക്രീയക്ക് വിധേയമാക്കൂവെന്ന് ഡോക്ടർ പറഞ്ഞു.
അതിനാൽ ഇപ്പോൾ യുവതിയെ ശസ്ത്രക്രീയക്ക് വിധേയമാക്കേണ്ട കാര്യമില്ലെന്നും ഡോ. ലിസിയാമ്മ ജോർജ് രാഷ്ടദീപികയോടു പറഞ്ഞു. പത്തനംതിട്ട കണ്ണങ്കരയിലെ ബോർമയിൽ ഭർത്താവ് സമനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു.
ഗർഭിണിയായ സമയം മുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതാണ്. ഡോക്ടർ നിർദ്ദേശിച്ച പ്രസവ തിയതി അനുസരിച്ച് ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി. എന്നാൽ ഇവിടെ കോവിഡ് 19 ചികിത്സാ ആശുപത്രിയാക്കിയതിനാൽ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു.
യുവതിയും ഭർത്താവും ബസ് കയറി അടൂർ താലൂക്ക് ആശുപത്രിയിലെത്തി. ഡോക്ടർ സ്കാനിംഗിന് നിർദ്ദേശിച്ചു. സ്കാൻ റിസൾട്ടിൽ വയറ്റിൽ കിടക്കുന്ന കുട്ടി മരിച്ചിട്ട് നാലു ദിവസം പിന്നിട്ടതായി ബോധ്യപ്പെട്ടു. ഇതിനാൽ അമ്മയുടെ ആരോഗ്യനില മോശമാകുമെന്നുള്ള ആശങ്കയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് നിർദ്ദേശിച്ചു.
എന്നാൽ ഇവർ ബസ് കയറി വീണ്ടും പത്തനംതിട്ടയിൽ എത്തി. അല്പസമയം കഴിഞ്ഞപ്പോൾ അസ്വസ്തത അനുഭവപ്പെട്ടു. ഉടനെ ഇവർ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാൽ യുവതിയുടെ ആരോഗ്യനില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അടൂർ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വത്തിൽ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കാതിരുന്ന നടപടിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.