ശ്രീകണ്ഠപുരം: മൈസൂരുവിൽ നിന്ന് അനധികൃതമായി 28 ദിവസം പ്രായമുള്ള പെൺകുട്ടിയെ വാങ്ങിയ സംഭവത്തിൽ പ്രതികളെ തേടി അന്വേഷണ സംഘം മൈസൂരിൽ. ഇരിക്കൂർ എസ്ഐ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു പുലർച്ചെ മൈസൂരുവിലെത്തിയത്.
കേസിലെ പ്രതിയായ ഇരിക്കൂർ ഗവ. ഹൈസ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന റീമ പോലീസ് കേസെടുത്തതോടെ ഒളിവിലായിരുന്നു. ഇവർ കൂട്ടുപ്രതികളും ഇവരുടെ ബന്ധുക്കളും മൈസൂരു സ്വദേശികളുമായ മുബാറക് പാഷ, അബ്രീന എന്നിവരോടൊപ്പം മൈസൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്നാണു പോലീസ് ഇവിടെ എത്തിയത്.
കഴിഞ്ഞ സെപ്തംബറിലാണു മുബാറക് പാഷ-അബ്രീന ദമ്പതികളിൽ നിന്നു റീമ കുട്ടിയെ വാങ്ങിയതെന്നു പറയുന്നു. മുബാറക് പാഷ-അബ്രീന ദമ്പതികൾക്കു മൂന്നു പെൺകുട്ടികളാണുള്ളത്. വീണ്ടും പെൺകുട്ടിയണ്ടായപ്പോൾ അവർ മറ്റു സംഘങ്ങൾക്കു വില്പന നടത്താൻ ശ്രമിച്ചതിനെത്തുടർന്നാണു താൻ വാങ്ങിയതെന്നാണു റീമ പോലീസിനു മൊഴി നൽകിയിരുന്നത്.
കർണാടകയിലെ നോട്ടറി അഭിഭാഷകൻ മുഖേന ദത്തെടുക്കൽ നിയമപ്രകാരമാണു കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു ഇവർ പോലീസിനു മൊഴി നൽകിയിരുന്നതെങ്കിലും ഇതു വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. കണ്ണൂർ ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണു കേസെടുത്തത്. കുട്ടി ഇപ്പോൾ പട്ടുവം ചൈൽഡ് ഹോമിലാണുള്ളത്.