ഗാന്ധിനഗർ: നവജാത ശിശുവിനെ മരിച്ച നിലയിൽ അടുക്കളയിലെ ബക്കറ്റിനുള്ളിൽ കണ്ടെത്തി. തുടർന്നു യുവതിക്കെതിരേ പോലീസ് കേസെടുത്തു. വിവാഹ ബന്ധം വേർപെടുത്തി നിൽക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിനെയാണു മരിച്ചനിലയിൽ കണ്ടത്.
രക്തസ്രാവം ഉണ്ടായതിനെത്തുടർന്നു യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൈപ്പുഴ ശാസ്താങ്കൽ സ്വദേശിനിയായ 28കാരിയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്നു യുവതി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി കണ്ടെത്തി. പ്രസവിച്ചെന്നും കുട്ടി മരിച്ചെന്നുമാണ് യുവതി അറിയിച്ചത്.
ഗാന്ധിനഗർ പോലീസ് യുവതിയുടെ മൊഴിയെടുത്ത ശേഷം കൈപ്പുഴയിലെ വീടു പരിശോധിച്ചപ്പോൾ അടുക്കളയിൽ ഒരു ബക്കറ്റിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണത്തിൽ ദുരൂഹതയുണ്ടോയെന്നു വ്യക്തമാകൂ.
ഡൽഹിയിൽ ജോലി ചെയ്തു വരവെ രണ്ടു മാസം മുൻപാണ് യുവതി നാട്ടിലെത്തിയത്. ഗർഭിണി ആണെന്ന വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ പ്രസവിച്ചു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കുട്ടി പ്രസവത്തോടെ മരിച്ചെന്നാണ് യുവതി പോലീസിനു നല്കിയ മൊഴി. മൃതദേഹം ഒളിപ്പിച്ചതിനാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.