ദിവസങ്ങൾ നീണ്ട തീവ്രപരിചരണങ്ങൾക്കൊടുവിൽ അപകടനില തരണം ചെയ്ത് ഇന്ത്യയുടെ കുഞ്ഞുവാവ. ഛത്തീസ്ഗണ്ഡ് സ്വദേശികളായ നികിത- സൗരഭ് ദന്പതികളുടെ ചെറി എന്ന പെൺകുഞ്ഞാണ് ഭാരക്കുറവിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ അതിജീവിച്ച് വീട്ടിലേക്കു മടങ്ങിയത്.
ഹൈദരാബാദിലെ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിലായിരുന്നു ജനനം. 375 ഗ്രാം ഭാരവും 20 സെന്റീമീറ്റർ നീളവും മാത്രമാണ് ജനിച്ചപ്പോൾ കുഞ്ഞിനുണ്ടായിരുന്നത്.
ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും ചെറിയ നവജാത ശിശുവെന്ന വിശേഷണം ഇതോടെ ഈ കുഞ്ഞിനെത്തേടിയെത്തുകയായിരുന്നു. പ്രതീക്ഷിച്ചതിലും നാലുമാസം മുന്പേ പ്രസവം നടന്നതുകൊണ്ടാണ് കുഞ്ഞിന്റെ ഭാരം തീർത്തും കുറഞ്ഞുപോയതെന്നു റെയിൻബോ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
128 ദിവസം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ കുട്ടിക്ക് ഇപ്പോൾ 1.980 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അവർ അറിയിച്ചു.