ബഹുനില മന്ദിരത്തിന്റെ പതിനേഴാം നിലയിൽ നിന്നും താഴേക്കു വീണ് നിസാര പരിക്കുകളോടെ രക്ഷപെട്ട കുട്ടിയാണ് സാമൂഹ്യമാധ്യമങ്ങളിലെ താരമാകുന്നത്. രണ്ടര വയസുമാത്രം പ്രായമുള്ള ഈ പെണ്കുട്ടി സ്വന്തമാക്കിയിരിക്കുന്നത് സൂപ്പർ ഗേൾ എന്ന പേരാണ്.
ചൈനയിലെ ജിയാംഗ്സു പ്രവശ്യയിലെ ഷാംഗ്സ്ഹുവിലാണ് അപകടം നടന്നത്. മാതാപിതാക്കൾ ജോലിക്കു പോയ സമയം മുത്തശിയാണ് കുട്ടിയെ നോക്കിയിരുന്നത്. വീട്ടിലേക്കു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നതിനാൽ ഉറങ്ങുകയായിരുന്ന കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയതിനു ശേഷം മുത്തശി പുറത്തേക്കു പോയി.
കുട്ടി ഉറക്കമുണരുന്നതിനു മുമ്പ് തിരികെ വരുവാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ മുത്തശി പോയി അൽപ സമയത്തിനു ശേഷം കുട്ടി ഉറക്കമുണർന്നു. വീടിനുള്ളിൽ ആരെയും കാണാതിരുന്നതിനാൽ മുറിക്കുള്ളിലുണ്ടായിരുന്ന കസേരയിൽ കൂടി കുട്ടി ഒരു മേശയുടെ മുകളിൽ കയറി. ജനാലയുടെ സമീപമായിരുന്നു ഈ മേശ കിടന്നിരുന്നത്.
നിലത്തു വീണ കുട്ടി ഉടൻ തന്നെ എഴുന്നേറ്റു നിന്ന് കരഞ്ഞെന്നും പിന്നീട് കെട്ടിടത്തിന്റെ മുൻവശത്തേക്കു പോയെന്നുമാണ് സമീപമുണ്ടായിരുന്നവർ പറയുന്നത്. ഈ സമയം ഇവിടെ തിരിച്ചെത്തിയ മുത്തശി കുട്ടിയെ കാണാഞ്ഞതിനാൽ എല്ലായിടത്തും തെരയുകയും പിന്നീട് ശബ്ദം കേട്ട് പുറത്തേക്ക് ഓടി ചെല്ലുമ്പോൾ മറ്റൊരാൾക്കൊപ്പം കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
ഇവർ ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ ചികിത്സയിൽ കുട്ടിക്ക് ഗുരുതരമായ യാതൊരു പരിക്കുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ കുട്ടിയിൽ നിരവധി പരിശോധന നടത്തിയ ഡോക്ടർമാർ അത്ഭുതപ്പെട്ടു പോയിരുന്നു. കാരണം വീഴ്ച്ചയുടെ ആഘാതത്തിൽ എല്ലിനുണ്ടായ ചെറിയ പൊട്ടലുകൾ ഒഴിച്ചാൽ ഈ കുട്ടിക്ക് മറ്റൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പരിശോധിച്ച ഡോക്ടർമാർ കുട്ടിക്ക് ലിറ്റിൽ സൂപ്പർമാൻ എന്ന പേരാണ് നൽകിയിരിക്കുന്നത്.
കെട്ടിടത്തിനു സമീപമുണ്ടായിരുന്ന മരത്തിന്റെ കുട്ടി ഇടിച്ചതിനാലാണ് വീഴ്ച്ചയുടെ ആഘാതം കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല തലേ ദിവസം ഇവിടെ കനത്ത മഴയായതിനാൽ മണ്ണും നനഞ്ഞാണ് കിടന്നിരുന്നത്. ഇതും കുട്ടിയുടെ ജീവൻ രക്ഷപെടാൻ കാരണമായിരുന്നു.