പിറന്നയുടനെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനാവാതെ കാടുകയറിയ അമ്മ രാത്രിയിൽ കുട്ടിയെ തെരഞ്ഞ് തിരിച്ചെത്തി. ജീവനോടെയുണ്ടെന്ന കണ്ടതോടെ കുട്ടിയെ തുമ്പികൊണ്ട് ചേർത്ത് നിർത്തി ആനയോളംപോന്ന അമ്മസ്നേഹം ആവോളം ഊട്ടി. പിറന്നിട്ട് തുള്ളി വെള്ളം അകത്തോട്ടുപോവാതെ അവശനിലയിലായ കുട്ടിക്കുറുമ്പൻ അമ്മയുടെ സ്നേഹമുണ്ട് ആവേശത്തിലായി.
പേരാമ്പ്ര എസ്റ്റേറ്റിന്റെ പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ചൊവ്വാഴ്ച പുലർച്ചെ പിറന്ന ആനക്കുട്ടിയെ തേടിയാണ് അമ്മ ആന എത്തിയത്. ചൊവ്വാഴ്ച പകൽ മുഴുവൻ കാടുകയറി പോയ അമ്മയാനയെ കാത്തു കഴിയുകയായിരുന്നു ആനക്കുട്ടിയും വനപാല കരും. അമ്മിഞ്ഞപാൽ തുള്ളി കിട്ടാതെ ഒടുവിൽ ആനക്കുട്ടി തളർന്നു കിടപ്പായി. രാത്രി ആയപ്പോൾ അമ്മ വന്നു പാലൂട്ടി സ്നേഹം ചൊരിഞ്ഞു. ബുധനാഴ്ച പകലായപ്പോൾ അമ്മയാന വീണ്ടും കാടുകയറി.
ഇന്നലെ കാലത്ത് ആറിന് ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. റിസർവോയറിന്റെ തീരത്ത് ചെരിഞ്ഞ സ്ഥലത്ത് പ്രസവിച്ചു വീണ ആനക്കുട്ടി റിസർവോയറിലേക്ക് പതിക്കുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിച്ചു കരക്കുകയറ്റാൻ കഴിയാതെ വന്നപ്പോൾ അമ്മയാന കാടുകയറി.
എന്നാൽ ടാപ്പിംഗ് തൊഴിലാളികൾ കുട്ടിക്കുറുമ്പന് രക്ഷകരായി. റിസർവോയറിന്റെ ചെളി നിറഞ്ഞ സ്ഥലത്ത് കണ്ടെത്തിയ ആനക്കുട്ടിയെ തൊഴിലാളികൾ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. പിന്നീട് ആനക്കുട്ടിയെ വനപാലകർക്ക് കൈമാറി. ഇപ്പോൾ വനപാലകരുടെ സംരക്ഷണിയിലാണ് കുട്ടിയാന. കുട്ടിയാന കുറുമ്പുകാട്ടി ഉല്ലാസവാനാണ്. കാവലായി പെരുവണ്ണാമൂഴി വനപാലക രും. രാത്രി അമ്മയാന വരുമെന്ന പ്രതീക്ഷയിൽ…