അമൃത്സർ: ഹൗറ എക്സ്പ്രസിന്റെ ശൗചാലയത്തിൽ നാലു മണിക്കൂർ കുടുങ്ങിക്കിടന്ന നവജാത ശിശുവിന് തൂപ്പുകാരി രക്ഷകയായി. അമൃത്സർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഹൗറ എക്സ്പ്രസിന്റെ എസി കന്പാർട്ട്മെൻറായ D3 യിലെ ശൗചാലയത്തിന് താഴെ നിന്നാണ് ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
താഴേക്ക് നിന്നിരുന്ന ഷാളിൽ കുഞ്ഞിന്റെ തല കുടുങ്ങിയിരുന്നു. ട്രെയിൻ വൃത്തിയാക്കുന്നതിനിടിയിൽ റെയിൽവേ യാർഡിൽ തൂപ്പുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തുന്പോൾ അമൃത്സറിൽ നാല് ഡ്രിഗ്രി സെൽഷ്യസാണ് താപനില.
കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്ത് വരികയാണെന്ന് ആശുപത്രി അധികതർ അറിയിച്ചു. ഒരു ദിവസം മാത്രമാണ് കുഞ്ഞിന് പ്രായം എന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. ട്രെയിൻ കടന്നുപോയെ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി കാമറകൾ പോലീസ് പരിശോധിക്കുകയാണ്.