മുംബൈ: മുംബൈയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്നും വീണ പിഞ്ച് കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു. പതിനാല് മാസം മാത്രം പ്രായമുള്ള കുട്ടിയാണ് നാലാം നിലയിൽനിന്നും താഴെ വീണത്. ഗുരുതരപരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫ്ലാറ്റിനു സമീപംനിന്ന മരത്തിൽ തട്ടി താഴെ വീണതിനാലാണ് കുട്ടി രക്ഷപെട്ടത്. അഥർവ ബെർക്കാഡെയെന്ന ആൺകുഞ്ഞിനെയാണ് മരത്തിന്റെ ശാഖകൾ കൈകൾവിരിച്ച് രക്ഷപെടുത്തിയത്. കുട്ടിയുടെ ചുണ്ടിനും കാലിനും കരളിനും പരിക്കേറ്റു.
മുംബൈയിലെ ഗോവന്ദി സബർബിൽ ഗോപികൃഷ്ണൻ ബിൽഡിംഗിലെ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. വ്യവസായിയായ അജിത് ബെർക്കാഡെയുടെ മകനാണ് അപകടത്തിൽപ്പെട്ടത്. ബെർക്കാഡെ കുടുംബം കഴിഞ്ഞ വർഷമാണ് ഈ ഫ്ലാറ്റിലേക്ക് താമസം മാറ്റിയത്. നാലാം നിലയിലെ ഫ്ലാറ്റിൽ ജനലുകൾക്ക് സുരക്ഷാ ഗ്രില്ലുകൾ ഇവർ സ്ഥാപിച്ചിരുന്നില്ല.
ഫോർട്ടിസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി കാൽതെറ്റി ജനലിലൂടെ പുറത്തേയ്ക്കു വീഴുകയായിരുന്നു.