നൈജീരിയയിൽ വാടക ഗർഭധാരണത്തിനായി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. ‘ബേബി ഫാക്ടറി’ എന്ന പേരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വാടക അമ്മമാരാകാൻ നിർബന്ധിക്കുന്ന ഈ ചൂഷണത്തിന് പിന്നിൽ വൻകിട സംഘങ്ങളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ ബേബി ഫാക്ടറികൾ സാമൂഹ്യക്ഷേമ ഭവനങ്ങൾ, സ്വകാര്യ മെഡിക്കൽ പ്രാക്ടീസുകൾ, അനാഥാലയങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയുടെ മറവിലാണ് പ്രവർത്തിക്കുന്നത്. ഇതിനോട് അനുബന്ധമായി വ്യാപക മനുഷക്കടത്തും ഇവിടെ വർധിച്ച് വരികയാണ്.
“കുട്ടികളുടെ വിളവെടുപ്പ്” എന്നാണ് നവജാത ശിശുക്കളുടെ ജനനം ഇവർക്കിടയിൽ അറിയപ്പെടുന്നത്. നൈജീരിയയിൽ ഇതിനോടകം തന്നെ നവജാത ശിശുക്കളുടെ വിൽപന ലാഭകരമായ വ്യവസായമായി മാറിക്കഴിഞ്ഞു. എന്നാൽ യുനെസ്കോ 2006-ല് നൈജീരിയയിലെ ഏറ്റവും വ്യാപകമായ മൂന്നാമത്തെ കുറ്റകൃത്യമായി ഈ മനുഷ്യശിശു വിൽപ്പനയെ വിശേഷിപ്പിച്ചെങ്കിലും ഇത് തകർക്കാൻ നടത്തിയ ശ്രമങ്ങൾ അത്ര വിജയം കണ്ടില്ല. രാജ്യത്തെ മറ്റ് മുൻനിര കുറ്റകൃത്യങ്ങൾ സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് കടത്തലുമാണ്.
കൗമാരക്കാർ ഗർഭം ധരിക്കുന്നതും ശേഷം നവജാത ശിശുക്കളെ ഉപേക്ഷിക്കുന്നതും സാമ്പത്തിക നേട്ടം എന്ന പ്രലോഭനത്തിൽ വഴങ്ങിയാണ്. എന്നാൽ ഇത്തരത്തിൽ വഴങ്ങാത്തവരെ മറ്റ് പല പ്രലോഭനങ്ങളിലൂടെ വശത്താക്കുന്ന സംഘങ്ങളും ഇവിടെ നിരവധിയാണ്. രാജ്യത്ത് വർധിച്ചിവരുന്ന വന്ധ്യത ഇത്തരം പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ വ്യാപകമായ പ്രവർത്തനം നടത്തിയെങ്കിലും ഈ രീതികൾ ഇന്നും നിലനിൽക്കുന്നു.