കോൽക്കത്ത: പിറന്ന കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്നുപേർ. കോൽക്കത്തയിലെ ആശുപത്രിയിലാണു വിചിത്ര സംഭവം. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി മൂവരില്‍ ഒരാൾ യുവതിയുടെ ഭർതൃസ്ഥാനവും കുഞ്ഞിന്റെ പിതൃത്വവും ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾക്കു പരിഹാരമായത്.
ശനിയാഴ്ച പ്രസവവേദനയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപത്തൊന്നുകാരി ഞായറാഴ്ച രാത്രിയിൽ പെണ്‍കുഞ്ഞിനു ജൻമം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോൾ യുവതിക്കൊപ്പം ഭർത്താവെന്നു പറഞ്ഞ യുവാവാണ് രേഖകളിൽ ഒപ്പിട്ടത്. എന്നാൽ യുവതി കുഞ്ഞിനെ പ്രസവിച്ചതിനു പിന്നാലെ പിതൃത്വം അവകാശപ്പെട്ടു മറ്റൊരു യുവാവെത്തി.
ഇതോടെ ആശുപത്രിയിൽ തർക്കമായി. ഈ സമയം അബോധാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആശുപത്രി അധികൃതരും പോലീസും യുവാക്കളോടു നിർദേശിച്ചു. രണ്ടാമതെത്തിയ യുവാവ് ഉടൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇതോടെ ആദ്യം പെണ്‍കുട്ടിക്ക് ഒപ്പമെത്തിയ യുവാവ് നൈസായിട്ട് ഒഴിവായി.
എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആളല്ല മകളുടെ ഭർത്താവെന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും തർക്കമായി. ഒടുവിൽ സത്യാവസ്ഥ അറിയാൻ യുവതിക്കു ബോധം വരുംവരെ പോലീസ് കാത്തിരുന്നു. ഈ സമയമാണ് കുഞ്ഞിന്റെ അച്ഛനാണ് എന്നവകാശപ്പെട്ട് മറ്റൊരാൾ കൂടി ആശുപത്രിയിൽ എത്തുന്നത്. താൻ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും പക്ഷേ കുഞ്ഞിന്റെ അച്ഛൻ താനാണെന്നും മൂന്നാമൻ അവകാശപ്പെടുകയായിരുന്നു.
പിന്നാലെ പെണ്‍കുട്ടിക്കു ബോധം തെളിഞ്ഞു. വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ആളാണ് യഥാർഥ ഭർത്താവെന്നും അദ്ദേഹം തന്നെയാണു കുഞ്ഞിന്റെ അച്ഛനെന്നും യുവതി മൊഴി നൽകി. ഇതോടെ പ്രശ്നങ്ങൾക്ക് ഏകദേശ പരിഹാരമായി.
പിന്നീടാണ് ഈ നാടകത്തിനു പിന്നിലെ കഥ വെളിപ്പെടുന്നത്. കൊച്ചിന്റെ അച്ഛനായ യുവാവുമായി പെണ്‍കുട്ടിക്കു നേരത്തെ ബന്ധമുണ്ടായിരുന്നു. പബ്ബിൽ വച്ചുള്ള ബന്ധം വളർന്നതോടെ പെണ്‍കുട്ടി ഗർഭിണിയായി. എന്നാൽ വിവാഹത്തിന് കൂടുതൽ സമയം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.
ഇതോടെ പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്കി. ഈ കേസിൽ യുവാവ് ജയിലിലായി. പിന്നീട് പുറത്തിറങ്ങിയശേഷം കഴിഞ്ഞ ഏപ്രിലിലാണ് “ഭർത്താവ്’ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. ഈ വിവാഹം യുവാവിന്റെ വീട്ടുകാർ അംഗീകരിച്ചില്ല. ഇതോടെ ഇരുവരും വെവ്വേറെ താമസം തുടങ്ങി.
കഴിഞ്ഞ ദിവസം യുവതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടാണ് താൻ അച്ഛനായ കാര്യം യുവാവ് അറിയുന്നത്. ഇതോടെ ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുകയായിരുന്നു. കുഞ്ഞിന്റെ അച്ഛൻ എന്നവകാശപ്പെട്ട് രംഗത്തെത്തിയ മറ്റു രണ്ടു പേരുമായുള്ള യുവതിയുടെ ബന്ധം സംബന്ധിച്ചു വ്യക്തതയില്ല.