ന്യൂഡൽഹി: മൂന്നു മാസത്തിനിടെ ഒറ്റ പെണ്കുഞ്ഞുപോലും ജനിക്കാത്ത ഗ്രാമങ്ങൾ. ഒന്നും രണ്ടുമല്ല, 132 എണ്ണം. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഈ പ്രതിഭാസം.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാന്പയ്നുമായി കേന്ദ്ര സർക്കാർ വീടു തോറും കയറിയിറങ്ങവെയാണ് പെണ്‍കുട്ടികൾ ജനിക്കാത്ത ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒൗദ്യോഗിക കണക്കനുസരിച്ച് 216 കുട്ടികളാണ് ഈ 132 ഗ്രാമങ്ങളിലായി മൂന്നു മാസത്തിനിടെ ജനിച്ചത്. ഇതിൽ ഒറ്റ പെണ്കുഞ്ഞു പോലുമില്ല.
ജില്ലാ ഭരണകൂടത്തിനു പോലും ഇതിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ പരിശോധന ആരംഭിച്ചതായും സർവേകൾ തുടരുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് ഡോ. ആശിഷ് ചൗഹാൻ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ ആശ വർക്കർമാരുടെ യോഗം വിളിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യയാണ് ഈ കണക്കുകൾക്കു പിന്നിലെന്ന് സാമൂഹ്യപ്രവർത്തക കൽപ്പന താക്കൂർ പറയുന്നു. ഇക്കാര്യത്തിൽ സർക്കാരോ ഭരണകൂടമോ ഒന്നും ചെയ്യുന്നില്ലെന്നും അവർ ആരോപിക്കുന്നു.