റെനീഷ് മാത്യു
കണ്ണൂർ: മൈസൂരുവിൽനിന്ന് വിലയ്ക്കുവാങ്ങിയ 28 ദിവസം പ്രായമായ പെൺകുട്ടിയെ ഇരിക്കൂറിലെ ഒരു വീട്ടിൽനിന്ന് മോചിപ്പിച്ചു. കണ്ണൂർ ചൈൽഡ് ലൈനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ ഡോ.ഇ.ഡി. ജോസഫിന്റെ നേതൃത്വത്തിലാണ് കുട്ടിയെ മോചിപ്പിച്ച് പട്ടുവത്തെ ചൈൽഡ് ഹോമിൽ ഏൽപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ, സംസ്ഥാന ബാലാവകാശ കമ്മീഷൻ, കർണാടകയിലെ ബാലാവകാശ കമ്മീഷൻ, മൈസൂരുവിലെ ശിശുക്ഷേമ സമിതി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
മൈസൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശിയുടെ സഹോദരന്റെ മൈസൂരു സ്വദേശിനിയായ ഭാര്യയിൽനിന്നാണ് ഇരിക്കൂർ സ്വദേശിനി കുട്ടിയെ വിലയ്ക്കു വാങ്ങിയത്. കർണാടക സ്വദേശിയായ നോട്ടറി അഭിഭാഷകൻ മുഖേന ദത്തെടുക്കൽ നിയമപ്രകാരമാണ് കുട്ടിയെ ഇവർ ദത്തെടുത്തതെന്നായിരുന്നു ഇവരുടെ വാദം.
എന്നാൽ രേഖകൾ പരിശോധിച്ച ചെൽഡ് വെൽഫെയർ കമ്മീഷൻ ഇതു വ്യാജമാണെന്ന് കണ്ടെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് പട്ടുവത്തെ ചൈൽഡ് ഹോമിലേക്ക് കൈമാറുകയായിരുന്നു. നിലവിൽ ദത്തെടുക്കുന്നതിന് സർക്കാരിന്റെ ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ജില്ലാ ചെൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ എത്തിക്കണം. തുടർന്ന് അവരാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്.
നിലവിൽ കുട്ടിയെ വിലയ്ക്കു വാങ്ങിയ ഇരിക്കൂർ സ്വദേശിനിക്ക് മൂന്ന് ആൺകുട്ടികളുണ്ട്. കുട്ടിയെ വിറ്റ മൈസൂരു സ്വദേശിനിക്ക് മൂന്ന് പെൺകുട്ടികളുമുണ്ട്. നാലാമതുണ്ടായ കുട്ടിയെയാണ് വിറ്റത്. കുട്ടിയെ തിരികെ മൈസൂരു സ്വദേശിനിക്ക് നൽകിയാൽ അവർ കുട്ടിയെ കൊലപ്പെടുത്തുകയോ മറ്റൊരാൾക്ക് വിൽക്കുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇരിക്കൂർ സ്വദേശിനി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പറഞ്ഞു.
മൈസൂരു മേഖലയിൽ പെൺകുട്ടികളെ കൊല്ലുന്നത് വ്യാപകമാണെന്നും കുപ്പിച്ചില്ല് പൊടിച്ചാണ് കുട്ടികളെ കൊല്ലുന്നതെന്നും ഇരിക്കൂർ സ്വദേശിനി പറഞ്ഞു. ഇരിക്കൂർ പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്തുവാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.