കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനെത്തിയ സ്ത്രീയുടെ ബന്ധുക്കൾക്ക് യുവതി പ്രസവിക്കുന്നതിനു മുൻപു തന്നെ കുട്ടിയെ കിട്ടി. വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയറ്ററിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച രണ്ടു ഗർഭിണികളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യത്തെ യുവതി പ്രസവിച്ചത് ആൺകുഞ്ഞിനെയാണ്. എന്നാൽ നഴ്സിംഗ് അസിസ്റ്റന്റ് കുഞ്ഞിനെ കൊണ്ടുപോയി കൊടുത്തത് രണ്ടാമത്തെ യുവതിയുടെ ബന്ധുക്കൾക്കാണ്. ബന്ധുക്കൾ 9.45ന് നടന്ന സന്തോഷകരമായ സംഭവം ഗൾഫിലുള്ളവരെപ്പോലും വിളിച്ചറിയിച്ചു. കുട്ടിയെ നവജാത ശിശുക്കളുടെ വാർഡിലേക്ക് മാറ്റുകയും ചെയ്തു.
പക്ഷെ ഈ സമയം ആദ്യ യുവതിയുടെ ബന്ധുക്കൾ കുട്ടിയെ അന്വേഷിച്ചു. അപ്പോഴാണ് പറ്റിയ അബദ്ധം എല്ലാവർക്കും മനസിലായത്. ആദ്യ കുട്ടി അമ്മയുടെ അടുത്ത് എത്തിയപ്പോഴേക്കും രണ്ടാമത്തെ യുവതിയുടെ പ്രസവവും നടന്നു. 10.30 ഓടെ പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഇതിനു മുമ്പും കുട്ടിയെ മാറ്റി നൽകിയ സംഭവം മെഡിക്കൽ കോളജിൽ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.