ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഒരൊറ്റ കാര്യത്തില്‍ എത്തുക എന്നത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. ഒരു കൊച്ചു കുഞ്ഞിനു വേണ്ടിയുള്ള തെരച്ചിലിലാണ് ഇപ്പോള്‍ ലോകം മുഴുവന്‍. ആ തെരച്ചിലിന് നേതൃത്വം കൊടുക്കുന്നതാകട്ടെ ഒരു സിനിമാതാരവും. പച്ചക്കറി വില്‍പ്പനയ്ക്കിടെ ഒരു ചെറിയ ബാലന് ഉറങ്ങിപ്പോയ ചിത്രങ്ങള്‍ ആരോ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിത്രം കണ്ട പലരും ചിത്രത്തിലെ ഓമനത്തമുള്ള ബാലനെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി. അവനെ ഏറ്റെടുത്തു വളര്‍ത്താനും പഠനച്ചെലവു വഹിക്കാനും തയാറാണെന്നു പറഞ്ഞാണ് ഭൂരിപക്ഷം ആളുകളും രംഗത്തുവന്നത്. ഫിലിപ്പീന്‍സിലെ പ്രശസ്ത ചലച്ചിത്ര നടി ഷാരോണ്‍ സംഭവത്തില്‍ ഇടപെട്ടതോടെ സംഗതി കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞതിങ്ങനെയാണ്.
‘അവന്റെ പക്കലുള്ള മുഴുവന്‍ പച്ചക്കറിയും എനിക്കുവേണം. അതുമാത്രമല്ല അവനെ ദത്തെടുക്കാനും അവന്റെ പഠനച്ചെലവു പൂര്‍ണ്ണമായി ഏറ്റെടുക്കാനും ഞാന്‍ തയാറാണ്’. ഈ കുഞ്ഞിനെപ്പറ്റി കൂടുതല്‍ വിവരങ്ങളറിയാവുന്നവര് തന്നോടതു പങ്കുവെയ്ക്കണമെന്ന് അവര്‍ ആളുകളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഫിലിപ്പീന്‍സില്‍ നിന്നുള്ള കുട്ടിയാണെന്ന് പ്രചരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണവും നടത്തി. എങ്കിലും ഫലം കണ്ടില്ല. താരത്തിന്റെ പോസ്റ്റിന് ധാരാളം ലൈക്കുകളും ഷെയറുകളും കിട്ടുന്നുണ്ടെങ്കിലും ആര്‍ക്കും കുട്ടിയെക്കുറിച്ച് അറിവൊന്നും കിട്ടിയിട്ടില്ല. അതേസമയം കുട്ടിയുടെ മുന്നിലിരിക്കുന്ന പച്ചക്കറി ഫിലിപ്പീന്‍സുകാര്‍ ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് കുട്ടിയുടെ സ്വദേശം വേറെയെവിടെയെങ്കിലും ആണോയെന്നും ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനിടെ കുട്ടി അരുണാചല്‍ പ്രദേശ് സ്വദേശിയാണെന്ന സംശയം ശക്തമായിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഇതൊക്കെ സര്വ്വസാധാരണമായതിനാലാണത്. ഏതായാലും കുട്ടിയ്ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജസ്വലമായി തന്നെ മുന്നേറുകയാണ്.