അന്പലപ്പുഴ: എണ്പത്തഞ്ചുകാരനു നൽകേണ്ട കുത്തിവയ്പ് ഒരു വയസുകാരനു നൽകിയെന്നാക്ഷേപം. പരാതിയുമായി കുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്. പുന്നപ്ര വടക്കു പഞ്ചായത്ത് കൊല്ലം പറന്പുവീട്ടിൽ ജോസഫ് -ത്രേസ്യാമ്മ ദന്പതികളുടെ മകൻ അജയ് ജോസഫി(ഒന്ന്) നെയാണ് ആളുമാറി കുത്തിവച്ചെന്ന പരാതിയുള്ളത്.
കഴിഞ്ഞ മാസം 27നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 16-ാം വാർഡിൽ കുട്ടിയെ തലവേദനയെത്തുടർന്ന് പ്രവേശിപ്പിച്ചത്. കുത്തിവയ്പില്ലാതെ മരുന്നുകൾ മാത്രമാണു കുട്ടിക്ക് ആദ്യ ദിവസങ്ങളിൽ നൽകിയിരുന്നത്. ഞായറാഴ്ച സ്കാൻ ചെയ്തതിനു ശേഷം മടങ്ങാമെന്നു പറഞ്ഞു വെള്ളിയാഴ്ച മരുന്നുകളും നിർത്തിവച്ചു.
എന്നാൽ, ഇന്നലെ പുലർച്ചെ അഞ്ചോടെ നഴ്സ് എത്തി കുട്ടിക്കു കുത്തിവയ്പ് എടുത്തുവെന്നു മാതാപിതാക്കൾ പറയുന്നു. കുത്തിവയ്പിനു കുറിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞതോടെ കേസ് ഷീറ്റ് വീണ്ടും പരിശോധിച്ചപ്പോഴാണ് പിഴവു പറ്റിയതാണെന്നു നഴ്സിനു ബോധ്യപ്പെട്ടതത്രെ. തൊട്ടടുത്ത കിടക്കയിൽ കിടക്കുന്ന വയോധികനായ രോഗിക്കു നൽകേണ്ട മൂന്നു കുത്തിവയ്പുകളിൽ ഒന്നാണു കുട്ടിക്കു മാറിനൽകിയതെന്നാണു പരാതി.
കുത്തിവച്ചതോടെ കുട്ടിക്കു നേരിയ തളർച്ച അനുഭവപ്പെടുകയും ചെയ്തു. വിവരമറിഞ്ഞതോടെ സൂപ്രണ്ട് ഉൾപ്പടെയുള്ളവർ വന്നു മരുന്നു നൽകിയതോടെ കുട്ടിയുടെ നില തൃപ്തികരമായി. വയോധികനു പിന്നീട് കുത്തിവയ്പുനൽകി.
ആളുമാറി കുത്തിവച്ച സംഭവുമായി ബന്ധപ്പെട്ടു സൂപ്രണ്ടിനു പരാതി നൽകിയതായി കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. എന്നാൽ, വാർഡിലെത്തിയ ഡോക്ടർമാർ പിന്നീട് രാവിലെ 9.45ഓടെ കേസ് ഷീറ്റിൽ കുത്തിവയ്പ് സംബന്ധിച്ച വിവരങ്ങൾ എഴുതി ചേർത്തെന്നും ആരോപണമുണ്ട്.
കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേസ് ഷീറ്റിൽ തിരിമറി നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. സർവീസിൽനിന്നു നഴ്സിനെ താത്കാലികമായി മാറ്റി നിർത്തിയതായി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ പറഞ്ഞു. നഴ്സിംഗ് ഓഫീസറോടു സംഭവം സംബന്ധിച്ചു പരിശോധിച്ചു റിപ്പോർട്ടു നല്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.