മാനന്തവാടി: ശ്വാസംമുട്ടലുമായി ജില്ലാ ആശുപത്രിയിൽ എത്തിയ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി.
ഇത് സംബന്ധിച്ച് കുഞ്ഞിന്റെ അച്ഛൻ പുളിഞ്ഞാൽ പുതുക്കുടി ജംഷീർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വെള്ളമുണ്ട പുളിഞ്ഞാൽ പുതുക്കുടി ജംഷീർ-ഹബീബ ദന്പതിമാരുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്.
ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ 11 ന് രാവിലെ എട്ടിന് വെള്ളമുണ്ടയിൽ പ്രാക്ടീസ് നടത്തുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം ഡോക്ടർ സക്കീറിന്റെ അടുത്ത് ചികിത്സ തേടിയത്.
രോഗം കൂടുതലായതിനാൽ മാനന്തവാടി ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടണമെന്ന് കാണിച്ച് ഡോക്ടർ കുറിപ്പ് നൽകുകയായിരുന്നു.
ഡോക്ടറുടെ കുറിപ്പുമായി അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ കുട്ടിയെ പരിശോധിക്കാൻ പോലും തയാറാവാതെ ഒപിയിൽ കാണിക്കാൻ നിർദ്ദേശിക്കുകയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ചെയ്തത്.
രോഗം കൂടുതലായതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയാണുണ്ടായതെന്നും ജംഷീർ പറഞ്ഞു.
എന്നാൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.