വിശപ്പ് മാറ്റുവാൻ ഒരിറ്റ് ഭക്ഷണത്തിനായി ക്ലാസ് മുറിയിലേക്ക് കണ്ണും നട്ട് നിന്ന ചിത്രം വൈറലായതിന് പിന്നാലെ ആ കുഞ്ഞ് ബാലികയ്ക്ക് അതേ സ്കൂളിൽ പഠിക്കുവാൻ അഡ്മിഷൻ ലഭിച്ചു. ഹൈദരാബാദിലെ ഗുഡിമാൽക്കപൂരിലുള്ള ദേവൽ ജാം സിംഗ് ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയത്.
ദിവ്യ എന്ന് പേരുള്ള ഈ കുട്ടി സ്കൂളിന് സമീപമുള്ള ചേരിയിലാണ് താമസം. ദിവ്യ ഈ സ്കൂളിലെ വിദ്യാർഥി അല്ല. എന്നാൽ എല്ലാ ദിവസവും ഉച്ചയാകുമ്പോൾ ദിവ്യ ഈ സ്കൂൾ സന്ദർശിക്കും. കാരണം വിശപ്പാണ് അവളുടെ പ്രശ്നം. സ്കൂളിലെ വിദ്യാർഥികൾ കഴിച്ചു കഴിഞ്ഞ് ഭക്ഷണം വല്ലതും മിച്ചമുണ്ടെങ്കിൽ അതെടുത്ത് കഴിച്ച് വിശപ്പകറ്റുവാനാണ് ദിവ്യ എല്ലാ ദിവസവും ഇവിടെ വരുന്നത്.
കൈയിൽ പാത്രവും പിടിച്ച് കുട്ടികൾ ഇരിക്കുന്ന ക്ലാസ് മുറിയിലേക്ക് നോക്കി നൽക്കുന്ന ദിവ്യയുടെ ചിത്രം തെലുങ്ക് ദിനപത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. തുടർന്ന് ഇത് വൈറലായി മാറുകയായിരുന്നു.
എംവി ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിൽ നാഷണൽ കണ്‍വീനറായി പ്രവർത്തിക്കുന്ന വെങ്കട് റെഡ്ഡിയുടെയും ശ്രദ്ധ ഈ ചിത്രത്തിൽ പതിഞ്ഞു. പെണ്‍കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒ പ്രവർത്തകനാണ് വെങ്കട് റെഡ്ഡി. ആ കുട്ടിക്ക് സ്വന്തം അവകാശമായ ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുന്നില്ലെന്നുള്ളത് എത്ര വലിയ നാണക്കേടാണെന്ന് ചോദ്യമുന്നയിച്ചാണ് അദ്ദേഹം ഈ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
തുടർന്ന് അദ്ദേഹം കുറച്ചാളുകളുടെ സഹായത്തോടെ ദിവ്യയ്ക്ക് ഇതേ സ്കൂളിൽ തന്നെ അഡ്മിഷൻ ഒരുക്കി നൽകുകയായിരുന്നു. ദിവ്യയ്ക്ക് ഉച്ചഭക്ഷണത്തിനുള്ള ഏർപ്പാടും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.
യൂണിഫോം ധരിച്ച് മിടുക്കിയായി മാതാപിതാക്കൾക്കൊപ്പം ദിവ്യ സ്കൂളിൽ നിൽക്കുന്നതിന്റെ ചിത്രം വെങ്കട്ട് റെഡ്ഡി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് ആയിരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.