കോഴിക്കോട്: 45 ദിവസം പ്രായമായ ആൺകുഞ്ഞിന്റെ വയറ്റിൽനിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ശസ്ത്രക്രിയ നടന്നത്.
മലപ്പുറം സ്വദേശികളായ ദമ്പതികളുടെ ആൺകുട്ടിയുടെ വയറ്റിലാണ് 12 ആഴ്ച വളർച്ചയുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശു ഉണ്ടായിരുന്നത്.
അഞ്ചു ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന ഈ അവസ്ഥ വൈദ്യശാസ്ത്രത്തിൽ സ്വീറ്റസ് ഇൻസീറ്റെ എന്നാണ് അറിയപ്പെടുന്നത്. ഇരട്ടകളായി വളരേണ്ടിയിരുന്ന കുട്ടികളിലൊന്ന് മറ്റേ കുഞ്ഞിന്റെ വയറ്റിൽ കുടുങ്ങുന്ന അവസ്ഥയാണിത്.
കുട്ടിയുടെ കരളിനും കുടലുകൾക്കും ഇടയിലായി പ്ലാസന്റയിൽ പൊതിഞ്ഞ ഭ്രൂണത്തെ ഒന്നര മണിക്കൂർ നേരത്തെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗർഭാവസ്ഥയിൽ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കുഞ്ഞിന് വയറ്റിൽ തടിപ്പ് കണ്ടതിനെ തുടർന്നാണ് ഇവിടെ കൊണ്ടുവന്നത്.
പീഡിയാട്രിക് സർജറി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. അരുൺ പ്രീത്, ഡോ. അരുൺ അജയ്, ഡോ. ജഗദീഷ്, ഡോ. സന്തോഷ് കുമാർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. രാധ, ഡോ. രശ്മി, ഡോ. സിനിത, സിസ്റ്റർ ആൻസി എന്നിവർ നേതത്വം നൽകി.