പറവൂർ: നാലാമതും പെൺകുഞ്ഞു ജനിച്ചതിനെത്തുടർന്നു നേപ്പാൾ സ്വദേശികളായ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞു നഗരസഭാധികൃതരും പോലീസും ചേർന്നു കുട്ടിയെയും അമ്മയെയും ചൈൽഡ് ലൈൻ പ്രവർത്തകരെ ഏൽപിച്ചു. നേപ്പാൾ സ്വദേശി ലോഗ് ബഹദൂറും ഭാര്യ ജാനകിയുമാണ് പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചത്.
ചാലാക്കയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്നയാളാണു ലോഗ് ബഹദൂർ. വർഷങ്ങളായി മുനമ്പത്താണു താമസം. നേരത്തെയുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ ഇളയതിനു രണ്ടര വയസു പ്രായമേയുള്ളൂ. നാലാമതു ജാനകി ഗർഭിണി ആയപ്പോൾ ചെറായിയിലെ ഒരു ഡോക്ടറെ കാണുകയും എന്തു കുട്ടിയാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഡോക്ടർ ആൺകുട്ടിയാണെന്നു പറഞ്ഞെന്നാണു ലോഗ് ബഹദൂർ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച വീട്ടിലായിരുന്നു പ്രസവം. പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ദന്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം തുടങ്ങി. ഇതറിഞ്ഞ ആശാ വർക്കർമാര്‍ കുടുംബത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിൽസ നൽകാൻ മാതാപിതാക്കൾ സമ്മതിച്ചില്ല.
തന്റെ വരുമാനം കൊണ്ടു നാലു പെൺകുഞ്ഞുങ്ങളെ പോറ്റാനാവില്ലെന്നാണു ലോഗ് ബഹദൂർ പറഞ്ഞത്. വിവരമറിഞ്ഞു പോലീസും നഗരസഭാധികൃതരും താലൂക്ക് ആശുപത്രിയിലെത്തി. മാതാപിതാക്കൾ കുഞ്ഞിനെ സ്വീകരിക്കാൻ തയാറാകാതിരുന്നതോടെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. അവരെത്തി അമ്മയെയും കുട്ടിയെയും ഏറ്റെടുക്കുകയായിരുന്നു.