യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടത്തിനെതിരായ പ്രതിഷേധത്തിനിടെ ഏഴുവയസുകാരിയെ പോലീസ് വെടിവച്ചുകൊന്ന സംഭവം ലോകമനഃസാക്ഷിയെ ഞെട്ടിച്ചു.
ഖിൻ മ്യോ ചിറ്റ് എന്ന കുഞ്ഞ് അച്ഛന്റെ കൈകളിലേക്ക് ഓടവേയാണു പോലീസ് വെടിയുതിർത്തതെന്നു കുടും ബാംഗങ്ങൾ പറഞ്ഞു.
അതേസമയം, പട്ടാളത്തിനെതിരായ പ്രതിഷേധത്തിൽ കുട്ടികൾ കൊല്ലപ്പെടുന്നത് ഇതാദ്യമല്ലെന്നും ഇതുവരെ ഇരുപതിനു മുകളിൽ കുട്ടികളാണു മരിച്ചതെന്നും സേവ് ദ ചിൽഡ്രൻ അറിയിച്ചു.
ചൊവ്വാഴ്ച മാണ്ഡലേ നഗരത്തിലായിരുന്നു ദാരുണ സംഭവം. പട്ടാളത്തിനെതിരേ പ്രതിഷേധിക്കുന്നവരുടെ വീടുകളിൽ റെയ്ഡ് നടത്താനെത്തിയതായിരുന്നു പോലീസ്.
ഖിന്നിന്റെ വീട് ചവിട്ടിത്തുറന്ന പോലീസുകാർ അച്ഛനോട്, കുടുംബത്തിൽപ്പെടാത്ത ആരെങ്കിലും ഉള്ളിലുണ്ടോ എന്നു ചോദിച്ചു.
ഇല്ലെന്നു പറഞ്ഞപ്പോൾ പോലീസ് വീടിനുള്ളിൽ പരിശോധന തുടങ്ങി. ഈ സമയത്താണു ഖിൻ അച്ഛന്റെ മടിയിലിരിക്കാനായി ഓടിയത്.
പോലീസുകാർ കുഞ്ഞിനെ വെടിവച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു.
“എന്തൊരു വേദന, എനിക്കു വയ്യ അച്ഛാ” എന്നായിരുന്നു കുഞ്ഞിന്റെ അവസാന വാക്കുകളെന്ന് അമ്മ സുമയ പറഞ്ഞു. ഇവരുടെ പത്തൊന്പതു വയസുള്ള മകനെ പോലീസ് മർദിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.
ഫെബ്രുവരി ഒന്നിന് ജനാധിപത്യ നേതാക്കളെ തടവിലാക്കി ഭരണംപിടിച്ച പട്ടാളത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയാണ് ഖിൻ.
മാണ്ഡലേ നഗരത്തിൽ തിങ്കളാഴ്ച ഒരു പതിനാലുകാരൻ കൊല്ലപ്പെട്ടതായി സേവ് ദ ചിൽഡ്രൻ പറഞ്ഞു.
പ്രതിഷേധങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 164 പേരാണെന്നാണ് പട്ടാള ഭരണകൂടം പറയുന്നത്.
എന്നാൽ മരണസംഖ്യ 261 ആയതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. പ്രക്ഷോഭകരുടെ വീടുകളിൽ വ്യാപകമായി റെയ്ഡുകൾ നടക്കുന്നുണ്ട്.
ഇതിനിടെ, പ്രതിഷേധവുമായി ബന്ധപ്പെട്ട് തടവിലാക്കിയ അറുനൂറോളം പേരെ ഇന്നലെ മോചിപ്പിച്ചു. ഭൂരിഭാഗവും കോളജ് വിദ്യാർഥികളാണ്.
പ്രക്ഷോഭം റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ അസോസിയേറ്റഡ് പ്രസ് മാധ്യമപ്രവർത്തകൻ തെയിൻ സോയും മോചിതനായി.