കോഴിക്കോട്: ഒമ്പതു വയസ്സുകാരിക്ക് രണ്ടാനമ്മയുടെയും രണ്ടാനമ്മയുടെ മാതാവിന്റെയും ക്രൂരമർദനം.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഫറോക്ക് പോലീസ് രണ്ടാനമ്മയ്ക്കെതിരെയും ഇവരുടെ മാതാവിനെതിരെയും കേസെടുത്തു.
ഫറോക്ക് നല്ലൂരിൽ താമസിക്കുന്ന കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് തിരുപറമ്പത്ത് ശബരീഷിന്റെ രണ്ടാം ഭാര്യ നിമിഷ (32), നിമിഷയുടെ മാതാവ് അംബിക (55) എന്നിവർക്കെതിരെയാണ് ഫറോക്ക് പോലീസ് കേസെടുത്തത്.
2019 മുതൽ കൈകൾകൊണ്ടും കേബിൾ വയറു കൊണ്ടും മറ്റും ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതായി പോലീസ് പറഞ്ഞു.
ശൗചാലയം വൃത്തിയാക്കൽ, തുണിയലക്കൽ, വീട് വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ മുഴുവൻ ജോലികളും ബാലികയെകൊണ്ട് ചെയ്യിപ്പിക്കും.
ആവശ്യത്തിന് ഭക്ഷണം നൽകില്ല. നിസാരപ്രശ്നങ്ങൾക്ക് ക്രൂരമായി മർദിക്കുകയും ചെയ്യുന്നതായി ഒമ്പതു വയസ്സുകാരിതന്നെ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ ദിവസം മർദനത്തിനിടെ അയൽവീട്ടിലേക്ക് ഓടിവന്നപ്പോൾ കുട്ടി ദയനീയാവസ്ഥ വിവരിക്കുന്നത് അയൽവാസികൾ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
മർദനം പിതാവിനോട് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു. പിതാവിനെ വിളിച്ചുവരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.