അനുസരണ കാട്ടാൻ വിസമ്മതിക്കുന്ന കൊച്ചുകുട്ടികളെ സമ്മതിപ്പിക്കുവാൻ മുതിർന്നവർ പല മാർഗങ്ങളും സ്വീകരിക്കും. മിഠായിയും കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളെല്ലാം കാട്ടിയാണ് അവർ കുട്ടികളുടെ മനസ് മാറ്റുന്നത്.
ഇപ്പോഴിതാ പരിക്കേറ്റ് ആശുപത്രിയിലെത്തിയ കൊച്ചുകുട്ടി ചികിത്സയ്ക്ക് വിസമ്മതിച്ചപ്പോൾ കുട്ടിയുടെ അമ്മ കണ്ടെത്തിയ മാർഗമാണ് ഏറെ രസകരമാകുന്നത്. ഡൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം.
11 മാസം പ്രായമുള്ള സിക്ര മാലിക് എന്ന പെണ്‍കുട്ടിയെയാണ് കാലിൽ പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റർ കാലിൽ ഇട്ട കുട്ടി ഗാലോവ്സ് ട്രാക്ഷനിൽ ( കാലുകൾക്ക് ഒടിവോ, പൊട്ടലോ ഉണ്ടാകുമ്പോൾ തൂക്കിയിടുന്ന ഉപകരണം) കാൽ തൂക്കിയിടാൻ വിസമ്മതിച്ചു.
തുടർന്നാണ് കുട്ടിയെ സമ്മതിപ്പിക്കുവാൻ അമ്മ വ്യത്യസ്തമായ ആശയം കണ്ടെത്തിയത്. സിക്രയുടെ പ്രിയപ്പെട്ട കളിപ്പാട്ടത്തിന്റെ കാലിൽ പ്ലാസ്റ്ററിട്ടതിന് ശേഷം സിക്രയോടൊപ്പം കട്ടിലിൽ കിടത്തി ഗാലോവ്സ് ട്രാക്ഷനിൽ കളിപ്പാട്ടത്തിന്റെയും കാല് തൂക്കിയിടുകയായിരുന്നു. ഇത് കണ്ട സിക്ര ഒരു മടിയും ഇല്ലാതെ ഡോക്ടർമാർ പറഞ്ഞത് അനുസരിച്ചു.
കളിപ്പാട്ടത്തിനൊപ്പം സിക്ര കിടക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. ഇവരുടെ സൗഹൃദത്തെക്കുറിച്ചാണ് ആശുപത്രിയിലെ ചർച്ചാ വിഷയം.