തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 24നായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛനെതിരേ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പോലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കുഞ്ഞിനെ അമ്മുമ്മയുടെ പക്കലേൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. എന്നാൽ മുത്തച്ഛന് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇയാൾ തിളച്ച ചായ ഒഴിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയാറായില്ല. സമീപവാസികൾ വിവരമറിയച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു.