മൂന്നാർ: ഒന്നര വയസുള്ള കുഞ്ഞ് ജീപ്പിൽനിന്ന് തെറിച്ചു റോഡിൽ വീണതറിയാതെ യാത്ര തുടർന്ന് മാതാപിതാക്കൾ. കുട്ടി റോഡിൽ വീണ വിവരം മാതാപിതാക്കൾ അറിഞ്ഞത് മൂന്നു മണിക്കൂറിനു ശേഷം. റോഡിൽ കുഞ്ഞിന്റെ ദൃശ്യം വനംവകുപ്പിന്റെ സിസിടിവിയിൽ പതിഞ്ഞതോടെ പാഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാർ കുട്ടിയെ രക്ഷപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം പോലീസ്, വനം വകുപ്പ്, ചൈൽഡ് ലൈൻ എന്നിവരുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് കൈമാറി.
ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം. കന്പിളികണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദന്പതികൾ ഇന്നലെ രാവിലെ പഴനിയിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു സംഭവം . വൈകുന്നേരത്തോടെ പഴനിയിൽ നിന്നും മടങ്ങുന്നതിനിടയിൽ രാജമല അഞ്ചാം മൈലിൽ വച്ച് വളവു തിരിയുന്നതിനിടയിൽ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയിൽ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു.
ഈ സമയത്ത് രാത്രി കാവൽ ഡ്യൂട്ടിയിലേർപ്പെട്ടിരുന്ന വനം വകുപ്പ് ജീവനക്കാരുടെ സിസി ടിവി കാമറയിൽ എന്തോ ഒന്ന് റോഡിൽ ഇഴഞ്ഞു നടക്കുന്നത് കണ്ടു. തുടർന്നാണ് കുട്ടിയാണെന്ന് വ്യക്തമായത്. ഉടൻ ഓടിയെത്തി കുട്ടിയെ എടുക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.
തുടർന്ന് വനം വകുപ്പ് ജീവനക്കാർ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെ വിവരം അറിയിച്ചു. വാർഡന്റെ നിർദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പോലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടയിൽ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തി വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ജീപ്പിലും പരിസരങ്ങളിലും അന്വേഷിച്ചിട്ട് കാണാത്തതിനെ തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വെള്ളത്തൂവൽ സ്റ്റേഷനിൽ നിന്നും മൂന്നാർ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാർ ആശുപത്രിയിൽ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് വിവരം ധരിപ്പിച്ച ശേഷം മാതാപിതാക്കളെ മൂന്നാറിൽ വരാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
കന്പിളികണ്ടത്തു നിന്നും യാത്ര പുറപ്പെട്ട് പുലർച്ചെ മൂന്നോടെ മൂന്നാറിലെത്തിയ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഒരു വർഷവും ആറു മാസവും മാത്രം പ്രായമുള്ള കുഞ്ഞാണ് അപ്രതീക്ഷിത ഭാഗ്യമായി കാര്യമായ അപകടം കൂടാതെ മടങ്ങിയെത്തിയത്. രോഹിത എന്നു പേരുള്ള കുഞ്ഞിന്റെ വിളിപ്പേര് അമ്മു എന്നാണ്.
ആശുപത്രി അധികൃതർ കുട്ടിയെ കൈമാറുന്നതു വരെ ആശുപത്രിയിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, മൂന്നാർ എസ്.ഐ. സന്തോഷ്, ചൈൽഡ് ലൈൻ പ്രവർത്തകൻ ജോണ് എസ് എഡ്വിൻ എന്നിവർ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയ ശേഷമാണ് ആശുപത്രിയിൽ നിന്നും മടങ്ങിയത്.