അരിയലൂര്‍: മരുമകളോടുള്ള പകയിൽ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി മുത്തശി. മകന്റെ കുഞ്ഞല്ലെന്ന് ആരോപിച്ചാണ് പതിനഞ്ച് മാസം പ്രായമായ കുഞ്ഞിനെ മുത്തശി കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് സംഭവം.
സംഭവത്തിൽ അറുപതികാരിയായ വിരുതാംബാള്‍ പോലീസ് കസ്റ്റഡിയിലാണ്. പതിനഞ്ച് മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന് രാജ വിദേശത്താണ്. മരുമകള്‍ സന്ധ്യയും രണ്ടു മക്കളും ഇവര്‍ക്കൊപ്പമായിരുന്നു താമസം.
രാജ വിദേശത്തേക്ക് പോകുമ്പോള്‍ ഇരുപത്തിയൊന്നുകാരിയായ സന്ധ്യ രണ്ടാമത് ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇത് അവിഹിതബന്ധത്തിലുള്ള ഗര്‍ഭമാണെന്നാണ് വിരുതാംബാള്‍ ആരോപിച്ചത്. ഈക്കാര്യത്തിൽ വിതുരാമ്പാൾ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നതായി പോലീസിനെ സന്ധ്യ അറിയിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മക്കളെ വീട്ടില്‍ വിട്ട് സൊസൈറ്റിയില്‍ നിന്ന് പാല് വാങ്ങാന്‍ പോയതാണ് സന്ധ്യ. തിരിച്ചെത്തുമ്പോള്‍ മകള്‍ കൃതിക ബോധമില്ലാതെ കിടക്കുന്നതാണ് സന്ധ്യ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ വായില്‍ മണല്‍ വാരി കുത്തിനിറച്ചതാണ് മരണകാരണമെന്നാണ് വിവരം.
തുടർന്ന് സന്ധ്യയുടെ പരാതിയിന്മേല് പോലീസ് വിരുതാംബാളിനെ ചോദ്യം ചെയ്തു. ആദ്യം വിസമ്മതിച്ചുവെങ്കിലും മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വിരുതാംബാള്‍ കുറ്റം സമ്മതിച്ചു. സംഭവത്തിൽ വിരുതാംബാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും തുടര്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.