ഡബ്ലിൻ: പ്രതികൂല കാലാവസ്ഥക്കിടെ ഡബ്ലിനിൽ പിറന്ന കുഞ്ഞിനു നൽകിയത് രാജ്യത്ത് വീശിയടിച്ച കൊടുംകാറ്റിന്റെ പേര്. ഡബ്ലിൻ ദേശീയ മെറ്റേർണിറ്റി ആശുപത്രിയിൽ ജനിച്ച പെണ്‍കുഞ്ഞിന് ഐറിഷ് മാതാപിതാക്കൾ ന്ധഎമ്മ’’ എന്ന പേരാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് അതിശൈത്യത്തോടൊപ്പം എമ്മ കൊടുംകാറ്റ് വീശിയത് ജനജീവിതം ഏറെ ദുസഹമാക്കിയിരിക്കുകയാണ്.
മഞ്ഞു വീഴ്ചയെത്തുടർന്നു സാഹസികമായി ആശുപത്രിയിലെത്തി സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ഞിനു എമ്മ എന്ന പേരു നൽകാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. അതിശൈത്യത്തിന്റെ പിടിയിലമർന്ന ഡബ്ലിനിൽ, കഴിഞ്ഞ 48 മണിക്കൂറിനിടെ എൻഎംഎച്ച്, റൊട്ടുണ്ടാ എന്നീ മറ്റേർണിറ്റി ആശുപത്രികളിൽ നൂറോളം കുഞ്ഞുങ്ങളാണ് പിറന്നത്.
നാഷണൽ മറ്റേർണിറ്റി ആശുപത്രിയിൽ ഈ സമയത്ത് 52 കുഞ്ഞുങ്ങൾ പിറന്നതായി ആശുപത്രി മേധാവി ഡോ. റോണാ മഹോണി വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ ജോലിക്കെത്തിയവരെ അഭിനന്ദിക്കാൻ ആശുപത്രിയിൽ എത്തിയ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കർ പോസ്റ്റ് നേറ്റൽ വാർഡിൽ കുഞ്ഞുങ്ങളെ എടുത്തു തോലോലിക്കുന്ന ചിത്രം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ