നെയ്യാറ്റിൻകര: നവജാത ശിശുവിന്റെ മൃതദേഹം കനാലിലൂടെ ഒഴുകിവന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു.നെയ്യാറിന്റെ കൈവഴിയായി ആറാലുംമൂട്ടിൽ നിന്നും രാമപുരത്തേയ്ക്ക് ഒഴുകുന്ന കനാലിലാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്.
ഒരു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ശരീരം കനാലിലൂടെ ഒഴുകിവരുന്നത് ആദ്യം കണ്ടത് വഴിമുക്ക് പച്ചിക്കോട് കോളനിക്കു സമീപത്ത് കളിക്കുകയായിരുന്ന കുട്ടികളാണ്. തുടർന്ന് നാട്ടുകാർ നെയ്യാറ്റിൻകര പോലീസിനെ വിവരം അറിയിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകരയിലെയും സമീപത്തെയും ആശുപത്രികളിൽ കഴിഞ്ഞ ദിവസം നടന്നിട്ടുള്ള പ്രസവങ്ങൾ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.